ലണ്ടന്‍: റയല്‍ മാഡ്രിഡ് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ. എന്നാല്‍ മാഞ്ചസ്റ്ററില്‍ സന്തുഷ്ടനാണെന്നും ഇവിടെതന്നെ തുടരുമെന്നും പോഗ്ബ പറഞ്ഞു. റയല്‍ ഫുട്ബോള്‍ കളിക്കുന്ന ഏതൊരു കുട്ടിയുടെയും സ്വപ്ന ക്ലബ്ബാണ്. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്ന്. പക്ഷെ ഈ നിമിഷം പുതിയ പരിശീലകന് കീഴില്‍, മാഞ്ചസ്റ്ററില്‍ ഞാന്‍ സന്തുഷ്ടനാണ്-പോഗ്ബ പറഞ്ഞു.

ഹോസെ മൗറീഞ്ഞോക്ക് പകരം യുനൈറ്റഡിന്റെ താൽക്കാലിക പരിശീലകനായ ഒലേ സോൾഷെയറിന് ടീമിന്‍റെ സ്ഥിരം കോച്ചാക്കണമെന്നും പോഗ്ബ പറഞ്ഞു. കളിക്കാർക്ക് ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകുന്ന സോൾഷെയറിന്‍റെ കീഴിൽ യുണൈറ്റഡ് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും പോഗ്ബ പറഞ്ഞു.

ക്ലബിനെയും കളിക്കാരേയും നന്നായി അറിയുന്ന സോൾഷെയർ തുടരണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. തനിക്ക് കോച്ചുമായി നല്ല ബന്ധമാണുള്ളതെന്നും പോഗ്ബ പറഞ്ഞു.ഡിസംബറിൽ പുറത്താക്കപ്പെട്ടെ ഹൊസേ മോറീഞ്ഞോയ്ക്ക് പകരമാണ് സോൾഷെയർ യുണൈറ്റഡിന്‍റെ താൽക്കാലിക കോച്ചായത്.

ഇതിന് ശേഷം പ്രീമിയർ ലീഗിൽ കളിച്ച 13 മത്സരങ്ങളിൽ പത്തിലും യുണൈറ്റഡ് ജയിച്ചു. പി എസ് ജിക്കെതിരായ അവിശ്വസനീയ തിരിച്ചുവരവിലൂടെ ചാന്പ്യൻസ് ലീഗിന്‍റെ ക്വാർട്ടർ ഫൈനലിലേക്കും മുന്നേറി.