ജൂലൈ 2023 മുതല്‍ ബ്രസീലിയന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ആഞ്ചലോട്ടി സമ്മതം മൂളി എന്നായിരുന്നു ഇഎസ്‌പിഎന്‍ ബ്രസീല്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്‌തത്

മാഡ്രിഡ്: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്‌ക്ക് പകരക്കാരനായി റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും എന്ന അഭ്യൂഹങ്ങള്‍ ഇന്ന് ശക്തമായിരുന്നു. റയല്‍ വിട്ട് ബ്രസീലിയന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ആഞ്ചലോട്ടി സമ്മതം മൂളി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം കാര്‍ലോയും റയലും നിഷേധിച്ചതായി പ്രമുഖ ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു. 

ജൂലൈ 2023 മുതല്‍ ബ്രസീലിയന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ആഞ്ചലോട്ടി സമ്മതം മൂളി എന്നായിരുന്നു ഇഎസ്‌പിഎന്‍ ബ്രസീല്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്‌തത്. കരാറില്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും കാര്‍ലോയും ഒപ്പിട്ടില്ലെങ്കിലും വാക്കാല്‍ ധാരണയായി എന്നായിരുന്നു വാര്‍ത്ത. 2026 ലോകകപ്പ് വരെ നീളുന്ന തരത്തില്‍ മൂന്ന് വര്‍ഷത്തെ കരാറാണ് കാര്‍ലോ ആഞ്ചലോട്ടിക്ക് ബ്രസീല്‍ വച്ചുനീട്ടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രസീലിയന്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതായുള്ള വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ആഞ്ചലോട്ടിയും അദേഹത്തിന്‍റെ നിലവിലെ ക്ലബായ റയല്‍ മാഡ്രിഡും. 'ഞാന്‍ റയല്‍ മാഡ്രിഡ് പരിശീലകനാണ്, 2024 ജൂണ്‍ വരെ എനിക്കിവിടെ കരാറുണ്ട്. എന്താണ് ബ്രസീലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് എന്ന് തനിക്കറിയില്ല' എന്നുമാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ വാക്കുകള്‍. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ടിറ്റെ രാജിവച്ച് ഒഴിഞ്ഞതോടെ പുതിയ പരിശീലകനായി ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. അറുപത്തിമൂന്നുകാരനായ കാര്‍ലോ ആഞ്ചലോട്ടിക്ക് പുറമെ ഹോസേ മോറീഞ്ഞോ, മൗറീഷോ പൊച്ചറ്റീനോ, തോമസ് ടുഷേല്‍, റഫേല്‍ ബെനിറ്റസ്, സിനദീന്‍ സിദാന്‍ തുടങ്ങിയ പേരുകളും കാനറികളുടെ പുതിയ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഘട്ടം കടക്കാനാവാതെ വന്നതോടെ ബ്രസീല്‍ വിദേശ പരിശീലകനെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നരുന്നു. 

ഖത്തര്‍ ലോകകപ്പിൽ നിന്ന് ബ്രസീല്‍ ക്വാർട്ടർ ഫൈനലില്‍ പുറത്തായിരുന്നു. ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 61കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്‍റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് കാനറികള്‍ 2018ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പുകളിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം ക‌ടക്കാനായില്ല. ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. 

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ 2027: മൂന്ന് സുന്ദര സ്റ്റേഡിയങ്ങള്‍ പുതുതായി നിര്‍മ്മിക്കാന്‍ സൗദി