മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്. അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ബാഴ്സയെ രണ്ടാം സ്ഥാനത്താക്കി ഒന്നാമതെത്തിയത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഡാനി കാര്‍വജാലുമാണ് റയലിനായി സ്കോര്‍ ചെയ്തത്. വിജയത്തോടെ ബാഴ്സയ്ക്ക് മേല്‍ മൂന്ന് പോയന്റ് ലീഡ് നേടാനും റയലിനായി.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയാല്‍ ബാഴ്സക്ക് വീണ്ടും ഒന്നാമതെത്താം. ഗോള്‍ ശരാശരിയില്‍ ബാഴ്സ റയലിനേക്കാള്‍ മുന്നിലാണ്. ലീഗില്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നത്തേത്. കളിയുടെ 52ാം മിനിറ്റില്‍ ടോണി ക്രൂസ് എടുത്ത ഫ്രീ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് റാമോസ് അലാവസിന്റെ വല ചലിപ്പിച്ചത്.

എന്നാല്‍ അലാവസ് താരത്തെ പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്ത് റാമോസ് തന്നെ വില്ലനാവുകയും ചെയ്തു. 65ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലൂക്കാസ് പെരസ് ലക്ഷ്യത്തിലെത്തിച്ചതോടെ അലാവെസ് ഒപ്പമെത്തി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം റീബൗണ്ടില്‍ നിന്ന് ലഭിച്ച പന്തില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ലക്ഷ്യം കണ്ട കാര്‍വജാള്‍ റയലിന്റെ വിജയഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിയോട് സമനില വഴങ്ങേണ്ടിവന്നതിനറെ ക്ഷീണം തീര്‍ക്കുന്നതായി റയലിന്റെ ജയം.