മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് മേല്‍ രണ്ട് പോയിന്റിന്റെ ലീഡുറപ്പിച്ച് റയല്‍ മാഡ്രിഡ്. ഇന്നലെ എസ്പാന്യോളിനെ 1-0ത്തിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതാണ് ബാഴ്‌സലോണയ്ക്ക് വിനയായത്. ലീഗ് പുനഃരാരംഭിച്ച ശേഷം റയലിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

അവസാന സ്ഥാനക്കാരായ എസ്പാന്യോളിനെ മറികടക്കുക അത്ര എളുപ്പമായിരുന്നില്ല റയലിന്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബ്രസീലിയന്‍ താരം കസമിറോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. കരിം ബെന്‍സേമയുടെ തകര്‍പ്പന്‍ ബാക്ക് ഹീല്‍ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ 32 കളികളില്‍ റയലിന് 71 പോയിന്റുകള്‍ ആണ് ഉള്ളത് അത്ര തന്നെ കളികളില്‍ ബാഴ്സലോണക്ക് 69 പോയിന്റുകള്‍ ആണ് ഉള്ളത്.

മറ്റൊരു മത്സരത്തില്‍ വിയ്യറയല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍പ്പിച്ചു. പാക്കോ അല്‍ക്കാസര്‍, ജെറാര്‍ഡ് മൊറേന എന്നിവര്‍ വലന്‍സിയയുടെ ഗോളുകള്‍ നേടി. ഐബര്‍ 2-1ന് ഗ്രാനഡയേയും ലവാന്റെ 4-2ന് റയല്‍ ബെറ്റിസിനെ രണ്ടിനെയും മറികടന്നു.