കീവ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രാഥമിക റൗണ്ടില്‍ ഉക്രേനിയന്‍ ക്ലബ് ഷാക്തറിനോട് പരാജയപ്പെട്ടതോടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന ഭീതിയിലാണ് സ്പാനിഷ് വമ്പന്മാര്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്റെ പരാജയം. രണ്ടാം പകുതിയില്‍ ഡെന്റീഞ്ഞോ, മനോര്‍ സോളമന്‍ എന്നിവരാണ് ഷാക്തറിനായി ഗോള്‍ നേടിയത്. തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങിയ റയലിന് അവസാന മത്സരം ജീവന്‍മരണ പോരാട്ടമായി. ജയിച്ചാലും മറ്റ് കളികളുടെ ഫലം അനുസരിച്ചാവും റയലിന്റെ നോക്കൗട്ട് സാധ്യത. മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മാഞ്ചെന്‍ഗ്ലാഡ്ബാക്കിനെ മറികടന്നു.

ഡച്ച് ക്ലബ്ബ് അയാക്‌സിനെ തോല്‍പ്പിച്ച് മുന്‍ ചാന്പ്യന്‍മാരായ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. കേര്‍ട്ടിസ് ജോണ്‍സാണ് ഗോള്‍ നേടിയത്. നോക്കൗട്ട് യോഗ്യത ഉറപ്പാക്കാന്‍ അയാക്‌സിന് അവസാന മത്സരത്തില്‍ അറ്റലാന്റയോട് ജയം അനിവാര്യമാണ്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി പോര്‍ട്ടോ. 69 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 18 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും സിറ്റിക്ക് ഗോള്‍ നേടാനായില്ല. ഇരുടീമുകളും നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു.

കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 26ആം മിനുട്ടില്‍ ജാവോ ഫെലിക്‌സ് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. 86ആം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് തോമസ് മുള്ളറാണ് ബയേണിനെ സമനിലയിലെത്തിച്ചത്. ഇതോടെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് അവസാന മത്സരഫലം നിര്‍ണായകമായി. ബയേണ്‍ നേരത്തെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു.