Asianet News MalayalamAsianet News Malayalam

താരങ്ങളുടെ തളര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ റയല്‍ മാഡ്രിഡ്! പ്രധാന താരങ്ങള്‍ക്ക് അവധികാലം ആസ്വദിക്കാം

സീസണിനിടെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ് റയല്‍ മാഡ്രിഡ്.

real madrid planning to rest their main players while big season
Author
First Published Aug 18, 2024, 1:23 PM IST | Last Updated Aug 18, 2024, 1:23 PM IST

മാഡ്രിഡ്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായതോടെ താരങ്ങള്‍ക്ക് ഇനി വിശ്രമം ഇല്ലാത്ത നാളുകള്‍. അതത് രാജ്യത്തെ ലീഗുകള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും വൈകാതെ തുടങ്ങും. ഇതിനിടെയാണ് പ്രധാനതാരങ്ങളെല്ലാം ദേശിയ ടീമുകള്‍ക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടുക. നിരന്തരം കളിക്കളത്തില്‍ ചെലവഴിക്കുന്നതിനാല്‍ ശാരീരിക തളര്‍ച്ചയ്‌ക്കൊപ്പം താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് താരങ്ങളുടെ ജോലി ഭാരം കുറയ്ക്കാനുള്ള     ശ്രമം നടത്തുന്നത്. 

സീസണിനിടെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ് റയല്‍ മാഡ്രിഡ്. കളിക്കാര്‍ക്ക് മത്സരങ്ങള്‍ക്കിടെ തന്നെ അവധിക്കാലം നല്‍കാനാണ് ആലോചനയെന്ന് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തുടര്‍ച്ചയായി മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ പെട്ടെന്ന് ക്ഷീണിതാരാവുന്നു. ദേശീയ ടീമുകളില്‍കൂടി കളിക്കുമ്പോള്‍ കളിക്കാരുടെ അവസ്ഥ വളരെ മോശമാവുന്നു. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് കുടംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആഴ്ചയില്‍ ഒരിക്കല്‍ അവധി നല്‍കാനും ആലോചിക്കുന്നു. മനസ്സിനും ശരീരത്തിനും ആവശ്യത്തിന് വിശ്രമംകിട്ടിയാല്‍ താരങ്ങള്‍ക്ക് കളിക്കളത്തില്‍ കൂടുതല്‍ മികവ് പുറത്തെടുക്കാന്‍ കഴിയും.'' ആഞ്ചലോട്ടി പറഞ്ഞു. സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും നിലവിലെ ചാംപ്യന്‍മാരാണ് റയല്‍ മാഡ്രിഡ്.

മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും

ലണ്ടന്‍: പീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സിറ്റി സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിയുമായി ഏറ്റുമുട്ടും. രാത്രി ഒന്‍പതിനാണ് കളി തുടങ്ങുക. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. തുടര്‍തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് തുടങ്ങാന്‍ ചെല്‍സിയുടെ പുതിയകോച്ച് എന്‍സോ മരെസ്‌ക. ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് മരെസ്‌ക ചെല്‍സിയില്‍ എത്തിയത് പുതിയ സീസണ് മുന്നോടിയായി.

Latest Videos
Follow Us:
Download App:
  • android
  • ios