മാഡ്രിഡ്: സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സമനിലക്കുരുക്ക്. ഗെറ്റാഫയോട് ഗോള്‍ രഹിത സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്‍മാരായ റയൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയേക്കാൾ 15 പോയിന്‍റ് പിന്നിലാണ് നിലവിൽ റയൽമാഡ്രിഡ്.

നാല് മത്സരങ്ങൾ മാത്രമാണ് സ്പാനിഷ് ലീഗിലെ ഈ സീസണിൽ ഇനി അവശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കുറി കിരീടം നേടാമെന്ന സ്വപ്നത്തിന് ഇനി പ്രസക്തിയില്ല.

34 മത്സരങ്ങളില്‍ നിന്ന് 80 പോയിന്‍റുമായി ബാഴ്സലോണ കിരീടം ഉറപ്പിച്ച് മുന്നേറുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 71 പോയിന്‍റാണുള്ളത്. ബാഴ്സ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം പരാജയപ്പെടുകയും അത്ലറ്റിക്കോ ജയിക്കുകയും ചെയ്താല്‍ മാത്രമേ ഗ്രീസ്മാനും സംഘത്തിനും കിരീടം സ്വപ്നം കാണാനാകു.