സീസണിനിടെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ് റയല്‍ മാഡ്രിഡ്.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി ഒന്നിന് തുടങ്ങുന്ന കളിയില്‍ മയോര്‍ക്കയാണ് എതിരാളികള്‍. കിലിയന്‍ എംബാപ്പേയുടെ ലാ ലീഗ അരങ്ങേറ്റ മത്സരം ആയിരിക്കും ഇത്. ബ്രസീലിയന്‍ കൗമാരതാരം എന്‍ഡ്രിക്കിനും കോച്ച് കാര്‍ലോ ആഞ്ചലോട്ടി അരങ്ങേറ്റം നല്‍കിയേക്കും. പരിക്കേറ്റ ഡേവിഡ് അലാബയും എഡ്വാര്‍ഡോ കാമവിംഗയും ഇല്ലാതെയാവും റയല്‍ ആദ്യമത്സരത്തിനിറങ്ങുക. എങ്കിലും എംബാപ്പേ, വിനിഷ്യസ്, റോഡ്രിഡോ, ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയലിനെ പിടിച്ചുകെട്ടുക മയോര്‍ക്കയ്ക്ക് ഒട്ടും എളുപ്പമായിരിക്കില്ല.

അതേസമയം, സീസണിനിടെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ് റയല്‍ മാഡ്രിഡ്. കളിക്കാര്‍ക്ക് മത്സരങ്ങള്‍ക്കിടെ തന്നെ അവധിക്കാലം നല്‍കാനാണ് ആലോചനയെന്ന് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തുടര്‍ച്ചയായി മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ പെട്ടെന്ന് ക്ഷീണിതാരാവുന്നു. ദേശീയ ടീമുകളില്‍കൂടി കളിക്കുമ്പോള്‍ കളിക്കാരുടെ അവസ്ഥ വളരെ മോശമാവുന്നു. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് കുടംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആഴ്ചയില്‍ ഒരിക്കല്‍ അവധി നല്‍കാനും ആലോചിക്കുന്നു. മനസ്സിനും ശരീരത്തിനും ആവശ്യത്തിന് വിശ്രമംകിട്ടിയാല്‍ താരങ്ങള്‍ക്ക് കളിക്കളത്തില്‍ കൂടുതല്‍ മികവ് പുറത്തെടുക്കാന്‍ കഴിയും.'' ആഞ്ചലോട്ടി പറഞ്ഞു. സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും നിലവിലെ ചാംപ്യന്‍മാരാണ് റയല്‍ മാഡ്രിഡ്.

ബാഴ്‌സയ്ക്ക് വിജയത്തുടക്കം

ബാഴ്‌സലോണ ലാലിഗയില്‍ ജയത്തോടെ തുടങ്ങി. വലന്‍സിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ബാഴ്‌സ തുടങ്ങിയത്. ലെവന്റോസ്‌കിയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ബാര്‍സയുടെ ജയം. നാല്‍പത്തിനാലാം മിനിറ്റില്‍ വലന്‍സിയയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ലെവന്റോസ്‌കി ബാര്‍സയെ ഒപ്പമെത്തിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനല്‍റ്റി ഗോളാക്കി ലെവന്റോസ്‌കി ബാര്‍സയുടെ ജയമുറപ്പിച്ചു.