മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരം പടിയിറങ്ങി പോയതിന്‍റെ എല്ലാ കോട്ടങ്ങളും തകര്‍ത്തെറിഞ്ഞ് വീണ്ടും സ്പാനിഷ് ലീഗില്‍ കീരീടം ചൂടി റയല്‍ മാഡ്രിഡ്. റയിലിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിശീലകനായ സിനദീന്‍ സിദാന്‍ നല്‍കിയ വാക്ക് പാലിച്ചപ്പോള്‍ 34-ാമത്തെ ലാ ലിഗ കിരീടമാണ് ബെര്‍ണബ്യുവിലേക്ക് എത്തിയത്.

ലോക്ക്ഡൗണിന് ശേഷം അസാമാന്യ ഫോം തുടരുന്ന റയല്‍, വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഒരു മത്സരം ബാക്കിനില്‍ക്കേയാണ് റയലിന്‍റെ കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഒസാസുനയോട് തോല്‍വി വഴങ്ങിയതോടെ നിലവില്‍ ഏഴ് പോയിന്‍റ് വ്യത്യാസത്തിലാണ് റയല്‍ കിരീടം ഉറപ്പിച്ചത്.

ഒരു മത്സരം ബാക്കിയുള്ളപ്പോള്‍ റയലിന് 86 പോയിന്‍റുണ്ട്. വിജയിച്ചാല്‍ കിരീടം എന്ന ഉറപ്പോടെ റയല്‍ സ്ഥിരം ശൈലിയില്‍ കരുത്തുറ്റ ടീമുമായാണ് ഇറങ്ങിയത്. 29-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ റയല്‍ ലീഡ് സ്വന്തമാക്കി. വിയ്യാറയല്‍ താരത്തിന്‍റെ പിഴവില്‍ നിന്ന് കാസിമിറോ സ്വന്തമാക്കിയ പന്ത് വരുതിയിലാക്കിയ ലൂക്കാ മോഡ്രിച്ച് ബെന്‍സേമയ്ക്ക് മറിച്ച് നല്‍കി. മിന്നും ഫോമിലുള്ള ഫ്രഞ്ച് താരം ഒരു പിഴവും വരുത്താതെ വലതുളച്ചു. 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ബെന്‍സേമ റയലിന്‍റെ വിജയം ഉറപ്പിച്ചു.

എന്നാല്‍, ഇബോറയുടെ മനോഹരമായ ഹെഡ്ഡര്‍ ഗോളില്‍ തിരിച്ചെത്തിയ വിയ്യാറയല്‍ അവസാന നിമിഷം നടത്തിയ ചില നീക്കങ്ങള്‍ മാഡ്രിഡിനെ വിറപ്പിച്ചെങ്കിലും തിബൗട്ട് കോട്ടുവ കോട്ട ഇളകാതെ കാത്തു. അതേസമയം, സ്വന്തം സ്റ്റേഡിയത്തിലിറങ്ങിയ ബാഴ്സയെ ഞെട്ടിക്കുന്ന പ്രകടനമാണ് ഒസാസുന പുറത്തെടുത്തത്. ജെറാദ് പിക്വെയുടെ പിഴവില്‍ മത്സരത്തിന്‍റെ 16-ാം മിനിറ്റില്‍ അര്‍ണെയ്സിലൂടെ ഒസാസുന ലീഡെടുടുത്തു. രണ്ടാം പകുതിയുടെ 62-ാം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ മനോഹരമായ ഫ്രീകിക്കിലൂടെ ബാഴ്സ തിരികെയെത്തിയെങ്കിലും റോബര്‍ട്ടോ ടോറസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഒസാസുന വിജയം ഉറപ്പിച്ചു.