മാഡ്രിഡ്: ലാ ലിഗയിലേക്കുള്ള തിരിച്ചുവരവില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഹോം മാച്ചില്‍ ഐബറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ സോസിഡാഡുമായി സമനിലയില്‍ പിരിഞ്ഞു. റയല്‍ സോസിഡാഡ്- ഒസാസുന മത്സരത്തിലും സമനിലയായിരുന്നു ഫലം.

ഐബറിനെതിരേ ടോണി ക്രൂസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ എന്നിവരുടെ ഗോളുകളാണ് റയലിനു അനായാസ വിജയമൊരുക്കിയത്. പെഡ്രോ ബിഗാസ് 60ാം മിനിറ്റില്‍ ഐബറിന്റെ ഏക ഗോള്‍ മടക്കി. ജയത്തോടെ ബാഴ്സയുമായുള്ള അകലം വെറും രണ്ടു പോയിന്റായി കുറയ്ക്കാന്‍ റയലിനു കഴിഞ്ഞു. ബാഴ്സയ്ക്കു 61ഉം റയലിന് 59ഉം പോയിന്റാണുള്ളത്.

അത്ലറ്റികോയ്ക്കു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും താളം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ലീഗില്‍ അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ സമനില കൂടിയാണിത്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ഡിയേഗോ സിമിയോണിയുടെ ടീം.