മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും ജയം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ഗെറ്റാഫയെ മറികടന്നു. മറ്റു മത്സരങ്ങളില്‍ ഒസാസുന, റയല്‍ സോസീഡാഡ്, വിയ്യറയല്‍ എന്നിവര്‍ ജയിച്ചു. വയാഡോളിഡ്- ലെവാന്റെ മത്സരം ഗോള്‍ സമനിലയില്‍ പിരിഞ്ഞു. 

ഗെറ്റാഫയ്‌ക്കെതിരെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് തുണയായത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഇതൊടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ നാല് പോയിന്റ് ലീഡ് ആയി. 33 മത്സരങ്ങളില്‍ 74 പോയിന്റാണ് റയലിന്. ഇത്രയും മത്സരങ്ങളില്‍ ബാഴ്‌സയ്ക്ക് 70 പോയിന്റാണുള്ളത്. ഇനി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ ശേഷിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്. റയല്‍ സോസീഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചപ്പോള്‍ ലെവാന്റെ- വയാഡോളിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.