ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ മെഡിക്കൽ സംഘത്തിന് പിഴവ് പറ്റി.

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എംബാപ്പെയുടെ ഇടതുകാലിലെ മുട്ടിന് പരിക്കേറ്റപ്പോൾ മെഡിക്കൽ സംഘം എംആർഐ സ്കാൻ നടത്തിയത് വലതുകാലിലായിരുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ 'ദി അത്ലറ്റിക്' റിപ്പോർട്ട് ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ മെഡിക്കൽ സംഘത്തിന് പിഴവ് പറ്റി. പരിക്കില്ലാത്ത വലതുകാലിൽ സ്കാൻ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന നിഗമനത്തിൽ താരത്തെ തുടർന്നും കളിക്കാൻ അനുവദിക്കുകയായിരുന്നു.

ശരിയായ രോഗനിർണ്ണയം വൈകിയതോടെ പരിക്കേറ്റ കാൽമുട്ടുമായി എംബാപ്പെ മൂന്ന് മത്സരങ്ങൾ കൂടി പൂർത്തിയാക്കി. ഈ പരിക്കുമായി കളിക്കുമ്പോഴാണ് ഒരു കലണ്ടർ വർഷത്തിൽ 59 ഗോളുകൾ എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് റെക്കോർഡിനൊപ്പം എംബാപ്പെ എത്തിയത്. പിന്നീട് നടത്തിയ കൃത്യമായ പരിശോധനയിലാണ് ഇടതുകാലിലെ ലിഗമെന്‍റിന് ഭാഗികമായി തകരാർ സംഭവിച്ചതായി കണ്ടെത്തിയത്.

ഡിസംബർ 31-നാണ് റയൽ മാഡ്രിഡ് താരത്തിന് പരിക്ക് ഉള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപ്പോഴും ലിഗമെന്‍റിന് ഏറ്റ ക്ഷതത്തെ വെറും നീര്‍ക്കെട്ട് എന്നാണ് ക്ലബ്ബ് വിശേഷിപ്പിച്ചത്. തുടർന്ന് ജനുവരിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിയിൽ എംബാപ്പെ കളിച്ചില്ലെങ്കിലും ബാഴ്സലോണക്കെതിരായ ഫൈനലിൽ പകരക്കാരനായി ഇറങ്ങിയിരുന്നു.

നിലവിൽ എംബാപ്പെയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും അത്‌ലറ്റിക്കോക്കെതിരായ ഡെർബിയിലും എംബാപ്പെ കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ബ്രസീൽ, കൊളംബിയ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കായി ഫ്രഞ്ച് ടീമിനൊപ്പമാണ് എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങളുള്ള ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡിന് ഇത്തരം ഒരു പിഴവ് സംഭവിച്ചത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക