അര്‍ജന്‍റീന - തെനര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍ - മൊറോക്കോ, ഇംഗ്ലണ്ട് - ഫ്രാന്‍സ് എന്നീ മത്സരങ്ങള്‍ നിയന്ത്രിച്ച റഫറിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ദോഹ: ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ വിമര്‍ശനങ്ങള്‍ നേരിട്ട് റഫറിമാര്‍. അര്‍ജന്‍റീന - തെനര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍ - മൊറോക്കോ, ഇംഗ്ലണ്ട് - ഫ്രാന്‍സ് എന്നീ മത്സരങ്ങള്‍ നിയന്ത്രിച്ച റഫറിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അര്‍ജന്‍റീന - നെതര്‍ലന്‍ഡ്‌സ് പോരാട്ടത്തില്‍ റഫറി പുറത്തെടുത്തത് 18 കാര്‍ഡുകളാണ്. കളത്തില്‍ ഓരോ നിമിഷവും മഞ്ഞ കാര്‍ഡ് വാരി വിതറുന്ന മൂഡിലായിരുന്നു റഫറി അന്‍റോണിയോ മറ്റേയു.

മത്സരശേഷം അര്‍ജന്‍റൈന്‍ താരങ്ങള്‍ വ്യാപക വിമര്‍ശനങ്ങളാണ് റഫറിക്കെതിരെ ഉയര്‍ത്തിയത്. . എങ്ങനെയും നെതര്‍ലന്‍ഡ്സിനെക്കൊണ്ട് സമനില ഗോള്‍ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടവനാണെന്നും എമിലിയാനോ മാര്‍ട്ടിനെസ് തുറന്നടിച്ചു. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും റഫറിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുതെന്നും ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നുമാണ് മെസി പറഞ്ഞത്.

പോര്‍ച്ചുഗല്‍ - മൊറോക്കോ പോരിന് ശേഷവും റഫറി എയറിലാണ്. പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും പെപ്പെയുമാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. മത്സരത്തിനിടെ റഫറിയോട് നിരവധി വട്ടം പോര്‍ച്ചുഗീസ് താരങ്ങള്‍ തര്‍ക്കിക്കുന്നതും കാണാമായിരുന്നു. 'ഫിഫ അർജന്‍റീനയ്ക്ക് കപ്പ് നൽകുമോ എന്ന് എനിക്കറിയില്ല. അതൊന്നു ഞാൻ കാര്യമാക്കുന്നില്ല, എനിക്ക് തോന്നുന്നത് ഞാൻ പറയും. ഇപ്പോള്‍ ലോകകപ്പില്‍ കളിക്കുന്ന ഒരു ടീമിന്‍റെ രാജ്യത്ത്(അര്‍ജന്‍റീന) നിന്നുള്ള റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കാനെത്തിയത് വിചിത്രമാണ്. എന്നാല്‍ പോര്‍ച്ചുഗീസ് റഫറിമാര്‍ ലോകകപ്പിലില്ല.

ഞങ്ങളുടെ റഫറിമാര്‍ ചാമ്പ്യന്‍സ് ലീഗിലുണ്ട്. അതിനാല്‍ അവര്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിലവാരമുള്ളവരാണ്. ഈ റഫറിമാര്‍ ചാമ്പ്യന്‍സ് ലീഗ് നിയന്ത്രിക്കുന്നവരല്ല. ലോകകപ്പിലെ റഫറിമാര്‍ക്ക് വേഗമില്ല. ആദ്യപകുതിയില്‍ എനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റിയുണ്ടായിരുന്നു, അക്കാര്യത്തില്‍ സംശയമില്ല. മത്സരം ഒഫീഷ്യലുകള്‍ ഞങ്ങള്‍ക്കെതിരായി തിരിച്ചു' എന്നും ബ്രൂണോ മൊറോക്കോയ്‌ക്ക് എതിരായ തോല്‍വിക്ക് പിന്നാലെ പറഞ്ഞു. 'എന്നെ തടയരുത്, എനിക്ക് പറയാനുള്ളത് പറയണം' എന്നായിരുന്നു ബ്രൂണോയുടെ വാക്കുകള്‍.

'അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അര്‍ജന്‍റീനയ്ക്ക് കിരീടം നല്‍കാം. അര്‍ജന്‍റീനയായിരിക്കും ചാമ്പ്യന്‍മാര്‍ എന്ന കാര്യത്തില്‍ ഞാന്‍ പന്തയം വെക്കുന്നു. രണ്ടാംപകുതി കളിക്കാന്‍ ഞങ്ങളെ റഫറി അനുവദിച്ചില്ല. കൂടുതല്‍ അധികസമയം വേണമായിരുന്നു' എന്നുമായിരുന്നു പെപെയുടെ വിമര്‍ശനം. ക്വാര്‍ട്ടറിലെ അവസാന മത്സരമായ ഫ്രാന്‍സ് - ഇംഗ്ലണ്ട് പോരാട്ടം നിയന്ത്രിച്ച റഫറിയും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

മൗണ്ടിനെ ഫൗള്‍ ചെയ്തതിന് ആദ്യം പെനാല്‍റ്റി അനുവദിച്ചില്ലെങ്കിലും വാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം റഫറിക്ക് തീരുമാനം മാറ്റേണ്ടി വന്നിരുന്നു. ഇതില്‍ തിയോ ഹെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് കൊടുക്കാത്തത് എന്തു കൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ബോക്സിനുള്ളില്‍ ഫ്രാന്‍സ് താരങ്ങള്‍ ഫൗള്‍ ചെയ്താല്‍ പോലും റഫറി കണ്ണടയ്ക്കുകയാണ് ചെയ്തിരുന്നതെന്നും ഇംഗ്ലീഷ് ആരാധകര്‍ പരാതിപ്പെടുന്നു. 

തോല്‍വിയില്‍ കട്ടക്കലിപ്പില്‍ ബ്രൂണോ, റഫറിക്ക് ശകാരം; തണുപ്പിക്കാന്‍ നോക്കിയ സ്റ്റാഫിന് കണക്കിന് കിട്ടി