റിയോ ഡി ജെനിറോ: ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ട സംഭവത്തില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലില്‍ ഒന്നുമുതല്‍ അഞ്ചു വരെ വര്‍ഷം കഠിന തടവു ലഭിക്കാവുന്ന കുറ്റമാണ് നെയ്മര്‍ ചെയ്തതെന്ന് സൈബര്‍ ക്രൈം വിഭാഗം വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും കഴിഞ്ഞ ദിവസം നെയ്മര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. തന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണമെന്ന നിലയിലാണ് നെയ്മര്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്. നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്നതെന്താണോ അത് മാത്രമേ അന്നും നടന്നിട്ടുള്ളുവെന്നും കാമുകനും കാമുകിക്കും ഇടയില്‍ നടക്കുന്നതാണ് അതെന്നുമായിരുന്നു നെയ്മറിന്‍റെ വിശദീകരണം. താന്‍ കെണിയില്‍ വീണു പോവുകയായിരുന്നുവെന്നും നെയ്മര്‍ വ്യക്തമാക്കിയിരുന്നു. 

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തതായാണ് യുവതി പരാതി നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എപിക്ക് ലഭിച്ച പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദ് ഗാര്‍ഡിയനും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 15ന് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്‌ച സാവോപോളയിലെത്തി യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ വഴിയാണ് നെയ്‌മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശവാദം. 'നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലില്‍ തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ അവിടെയെത്തിയത്. അവിടെ വെച്ച് നെയ്‌മര്‍ പീഡിപ്പിക്കുകയായിരുന്നു' എന്നും യുവതി പൊലിസിനോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.