ബാഴ്‌സോലണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന ലിയോണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. മെസി ബാഴ്‌സ വിടുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഇഎസ്പിഎന്‍ റിപ്പോര്‍ട്ടര്‍മാരായ മോയ്‌സസ് ലൊറന്‍സ്, സാം മാസ്‌ഡെന്‍ എന്നിവരും ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. 

മെസി ഇപ്പോഴത്തെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2 തോല്‍വി പിണഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മെസി ഗാര്‍ഡിയോളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറ്റിയിലേക്ക് വരുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നുവെന്ന് ഇഎസ്പിഎല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

നേരത്തെയും സിറ്റി മെസിയെ സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഭവിക്കാത്തത് കഴിഞ്ഞ ദിവസം ഗാര്‍ഡിയോളുമായുള്ള ഫോണ്‍ സംഭാഷണത്തിലൂടെ സാധിച്ചുവെന്നാണ് വിവരം. മെസിക്ക് ഒരു പദ്ധതി സിറ്റിയില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായിരുന്നു ഗാര്‍ഡിയോള. 

2008 മുതല്‍ 2012വരെയാണ് ഗാര്‍ഡിയോള ബാഴ്‌സലോണയെ പരിശീലിപ്പിച്ചത്. ഇരുവരും അടുത്ത ബന്ധത്തിലാണെന്നുള്ളതും ഇത്തരമൊരു മാറ്റത്തിന് ആക്കം കൂട്ടുന്നു. ഇന്നലെയാണ് മെസി ബാഴ്‌സ വിടാനുള്ള താല്‍പര്യം ക്ലബിനെ അറിയിച്ചത്. ബോര്‍ഡ് ഇക്കാര്യം ഉറപ്പാക്കുകയും ചെയ്തു. മെസി ബാഴ്‌സ വിട്ടുവെന്ന് ഉറപ്പാക്കുന്ന ട്വീറ്റുകളും ഇന്ന് പുലര്‍ച്ചെ വന്നിരുന്നു.

മുന്‍ ബാഴ്‌സ ക്യാപ്റ്റനും പ്രതിരോധതാരവുമായിരുന്ന കാര്‍ലസ് പുയോള്‍ മെസിക്ക് ആശംസകളുമായെത്തി. സഹതാരം സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിച്ചു. കാറ്റലൂനിയ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. താങ്കള്‍ പുറത്തെടുത്ത അസാധരണ പ്രകടനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ബാഴ്‌സ വിടാന്‍ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്നും മെസിയുടെ വക്കീല്‍ ആവശ്യപ്പെട്ടിരുന്നു.