Asianet News MalayalamAsianet News Malayalam

സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് റിച്ചാര്‍ലിസണ്‍, ഇരട്ടഗോള്‍; സാംബ ചുവടുകളോടെ വിജയമാഘോഷിച്ച് കാനറികള്‍

ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റില്‍ ഫലമുണ്ടായി. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക്. ബോക്‌സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി.

Richarlison brace helped Brazil to win over Serbia in qatar world cup
Author
First Published Nov 25, 2022, 2:25 AM IST

ലുസൈല്‍: ബ്രസീലിയന്‍ ആക്രമണങ്ങള്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാര്‍ലിസണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

ആക്രമണങ്ങള്‍ക്ക് ഫലം രണ്ടാംപാതിയില്‍

റഫിഞ്ഞ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. സെര്‍ബിയന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു തുടക്കം. മിലിങ്കോവിച്ചിന്റെ പാസ് ബോക്‌സിന് തൊട്ടുപുറത്ത് നില്‍ക്കുകയായിരുന്നു ഗുഡേലിന്്. എന്നാല്‍ ഓടിയടുത്ത റഫിഞ്ഞ പന്ത് തട്ടിയെടുത്തു. കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയ്ക്ക് അവസരം മുതലാക്കാനായില്ല. 

51-ാം മിനിറ്റില്‍ നെയ്മറുടെ ഫ്രീകിക്ക് പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്. 54-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി റഫിഞ്ഞയ്ക്ക് ബോക്‌സില്‍ വച്ച് പന്തുകിട്ടി. എന്നാല്‍ പ്രതിരോധതാരം പാവ്‌ലോവിച്ചിന്റെ കൃത്യമായ ഇടപെടല്‍ ഗോളകറ്റി. 55-ാം മിനിറ്റില്‍ വിനിഷ്യസിന്റെ ക്രോസ് സെര്‍ബിയന്‍ ബോക്‌സിലേക്ക്. നെയ്മര്‍ ടാപ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാ മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധതാരം അലസാന്ദ്രോയുടെ 30 വാരെ നിന്നുള്ള ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു.

ക്രിസ്റ്റിയാനോ രണ്ടും കല്‍പ്പിച്ച് തന്നെ; ദേശീയഗാനത്തിനിടെ വികാരാധീനനായി പോര്‍ച്ചുഗീസ് താരം

ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റില്‍ ഫലമുണ്ടായി. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക്. ബോക്‌സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി. 10 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും റിച്ചാര്‍ലിസണ്‍. ഇത്തവണ ഗോളിന്റെ ഭംഗി കൂടി. വിനിഷ്യസിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ ഒരു ആക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി. 81-ാ മിനിറ്റില്‍ കസമിറോയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. എന്നാല്‍ ലീഡുയര്‍ത്താന്‍ സാധിച്ചില്ല. 

Richarlison brace helped Brazil to win over Serbia in qatar world cup

അവസങ്ങള്‍ തുലഞ്ഞ ആദ്യപകുതി

നാലാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ മുന്നേറ്റം കണ്ടു. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ റഫീഞ്ഞ പ്രതിരോധതാരം പാവ്‌ലോവിച്ചിനെ അനായാസമായി മറികടന്നു. എന്നാല്‍ താരത്തിന്റെ ക്രോസ് ഫലം കണ്ടില്ല. ഏഴാം മിനിറ്റില്‍ പവ്‌ലോവിച്ചിന് മഞ്ഞകാര്‍ഡ്. നെയ്മറെ വീഴ്ത്തിയതിനായിരുന്നു ഇത്. 9-ാം മിനിറ്റില്‍ നെയ്മര്‍ക്കും ലഭിച്ചു ബുദ്ധിമുട്ടേറിയ ഒരവസരം. 

കസമിറോയുടെ ത്രൂബോള്‍ നെയ്മര്‍ കാലില്‍ ഒതുക്കിയെങ്കിലും നിറയൊഴിക്കുമുമ്പ് പ്രതിരോധ താരങ്ങള്‍ വളഞ്ഞു. 13-ാം മിനിറ്റില്‍ ബ്രസീലിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. നെയ്മറിന്റെ നേരിട്ടുള്ള കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 21-ാം മിനിറ്റില്‍ കസെമിറോയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 26-ാം മിനിറ്റിലാണ് ബ്രസീലിയന്‍ ഗോള്‍മുഖത്തെ ചെറുതായെങ്കിലും വിറപ്പിക്കുന്ന രീതിയില്‍ പന്തെത്തിയത്. ടാഡിച്ച് വലത് വിംഗില്‍ നിന്ന് മിട്രോവിച്ചിനെ ലക്ഷ്യമാക്ക് ക്രോസ് ചെയ്‌തെങ്കിലും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 

Richarlison brace helped Brazil to win over Serbia in qatar world cup

28-ാം മിനിറ്റില്‍ വിനീഷ്യസിനും ലഭിച്ചു മറ്റൊരു സുവര്‍ണാവസരം. തിയാഗോ സില്‍വയുടെ ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സിലേക്ക്. വിനിഷ്യസ് പന്തെടുത്തു. എന്നാല്‍ ഓടിയടുത്ത ഗോള്‍ കീപ്പര്‍ മനോഹരമായി തടഞ്ഞിട്ടു. 35-ാം മിനിറ്റിലാണ് ഗോളെന്നുറച്ച അവസരം ബ്രസീലിന് ലഭിച്ചത്. റഫീഞ്ഞയും ലൂകാസ് പക്വേറ്റയും നടത്തിയ മുന്നേറ്റം സെര്‍ബിയന്‍ ബോക്‌സിലേക്ക്. പിന്നീട് ഗോള്‍ കീപ്പര്‍മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയുടെ ഷോട്ട് ഫലം കണ്ടില്ല. ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍. ആദ്യ പകുതിയുടെ അവസാന നിമിഷ വിനീഷ്യസിന്റെ ഗോള്‍ ശ്രമം മനോഹരമായി മിലെങ്കോവിച്ച് തടസപ്പെടുത്തി.
 

Follow Us:
Download App:
  • android
  • ios