Asianet News MalayalamAsianet News Malayalam

അര്‍ജന്‍റീനയും മെസിയും കിരീടമുയര്‍ത്തട്ടേ; പറയുന്നത് ബ്രസീലിയന്‍ ഇതിഹാസം

ബ്രസീലോ നെയ്മര്‍ ജൂനിയറോ ലോകകപ്പില്‍ ഇനിയില്ല. അതുകൊണ്ട് അര്‍ജന്‍റീനയ്ക്കൊപ്പമാണ് താനെന്ന് റിവാൾഡോ കുറിച്ചു

Rivaldo backs Lionel Messi and Argentina to lift FIFA World Cup 2022
Author
First Published Dec 15, 2022, 12:14 PM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലിയോണല്‍ മെസി കിരീടമുയര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ മെസി ഒരു കിരീടം അര്‍ഹിക്കുന്നുണ്ട് എന്നാണ് ബഹുഭൂരിപക്ഷം ആരാധകരും വിശ്വസിക്കുന്നത്. ഇതേ അഭിപ്രായമാണ് ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോയ്ക്കും. അര്‍ജന്‍റീനയ്ക്കും ലിയോണൽ മെസിക്കും പിന്തുണ പ്രഖ്യാപിച്ച് റിവാൾഡോ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് റിവാൾ‍ഡോയുടെ പ്രതികരണം. ബ്രസീലോ നെയ്മര്‍ ജൂനിയറോ ലോകകപ്പില്‍ ഇനിയില്ല. അതുകൊണ്ട് അര്‍ജന്‍റീനയ്ക്കൊപ്പമാണ് താനെന്ന് റിവാൾഡോ കുറിച്ചു. 

ലിയോണൽ മെസിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോക കിരീടം മെസി അര്‍ഹിക്കുന്നുണ്ട്. ദൈവം എല്ലാം അറിയുന്നു. ഞായറാഴ്ച മെസിയുടെ കിരീടധാരണം ഉണ്ടാകുമെന്നും റിവാൾഡോ പറഞ്ഞു. ബ്രസീല്‍ കിരീടം നേടിയ 2002ലെ ലോകകപ്പിലെ 7 കളിയിൽ അ‍ഞ്ചിലും റിവാൾഡോ ഗോൾ അടിച്ചിരുന്നു. 

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍. പിഎസ്‌ജിയില്‍ സഹതാരങ്ങളായ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കില്‍ മൂന്ന് അസിസ്റ്റുകള്‍ മെസിയുടെ പേരിലുണ്ട്. നാല് ഗോള്‍ വീതവുമായി അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രാന്‍സിന്‍റെ ഒലിവര്‍ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടമുഖത്തുണ്ട്. 

ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്. രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലിന് യോഗ്യത നേടിയത്. തിയോ ഹെര്‍ണാണ്ടസും കോലോ മൗനിയുമായിരുന്നു സ്കോറര്‍മാര്‍. 

ഫൈനല്‍ മെസിയും എംബാപ്പെയും തമ്മില്‍; ശീതസമരം ലുസൈലില്‍ മണല്‍ച്ചൂടാവും

Follow Us:
Download App:
  • android
  • ios