Asianet News MalayalamAsianet News Malayalam

മെസി-റൊണാള്‍ഡോ പോരാട്ടം കാണാനുള്ള അവസാന ടിക്കറ്റിനായി വാശിയേറിയ ലേലം വിളി

10 ലക്ഷം റിയാലിൽ തുടങ്ങിയ ലേലം 93 ലക്ഷം റിയാലായി ഉയർന്നു. ലേലം ജനുവരി 17ന് അവസാനിക്കും.ജേതാക്കളെ കിരീടമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനും ടീമുകൾക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള സവിശേഷ അവസരമാണ് ടിക്കറ്റ് നേടുന്നയാൾക്ക് ലഭിക്കുക.

Riyadh Season Cup: International auction bidding for the last ticket reaches $2.4 mln
Author
First Published Jan 12, 2023, 9:33 AM IST

റിയാദ്: ഈ മാസം 19ന് റിയാദിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരം കാണാനുള്ള ‘ഒറ്റ ടിക്കറ്റ്’ സ്വന്തമാക്കാൻ മത്സര ലേലം തുടരുന്നു. 10 ലക്ഷം റിയാലിൽ തുടങ്ങിയ ലേലം 93 ലക്ഷം റിയാലായി ഉയർന്നു. അവസാനിക്കാൻ ആറ് ദിവസങ്ങൾ ബാക്കിനിൽക്കേയാണ് അമ്പരിപ്പിക്കും വിധം ലേല തുക കുതിച്ചുയരുന്നത്. റിയാദ് സീസൺ ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ ലിയോണല്ർ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും എല്ലാം അടങ്ങുന്ന ഫ്രഞ്ച് ക്ലബ്  പി.എസ്.ജിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഉള്‍പ്പെടുന്ന അൽഹിലാൽ-അൽനസ്ർ സംയുക്ത ടീമുമാണ് മാറ്റുരക്കുന്നത്.

ഈ മത്സരം വീക്ഷിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈൻ വിൽപന പ്രഖ്യാപിച്ച് കുറഞ്ഞസമയത്തിനുള്ളിൽ മുഴുവൻ വിറ്റുപോയിരുന്നു. അവശേഷിച്ച ഒരു ടിക്കറ്റ് ‘സങ്കൽപ്പത്തിനപ്പുറം’ എന്ന പേരിട്ട് സംഘാടകരായ ജനറൽ എന്‍റര്‍ടെയ്ൻമെന്‍റ് അതോറിറ്റി ആഗോള ലേലത്തിന് വെച്ചു. സ്വന്തമാക്കുന്നയാൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഏറെ സവിശേഷതകളുള്ള പ്രവേശന പാസായിരിക്കും അതെന്നും അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ലേലം വിളി ആരംഭിച്ചത്. ഈ മാസം 17ന് ലേലം അവസാനിക്കും. 10 ലക്ഷം റിയാൽ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്. അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് തന്നെ 20 ലക്ഷം റിയാൽ വിളിച്ച് ലേലത്തിന് ആവേശം പകർന്നു. തുടർന്ന് നാനാതുറകളിൽനിന്ന് ടിക്കറ്റ് സ്വന്തമാക്കാനുള്ള ആഗ്രഹവുമായി നിരവധിപേർ തുക ഉയർത്തി മുന്നോട്ട് വന്നു. അതാണിപ്പോൾ 93 ലക്ഷം റിയാലായി ഉയർന്നത്.

ഇഎഫ്എൽ കപ്പ്: രണ്ടടി കൊടുത്ത് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി സതാംപ്‌ടൺ

മുഹമ്മദ് അൽ മുൻജിം എന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള അസൂം ടെക്‌നോളജി കമ്പനിയാണ് ഏറ്റവും ഒടുവിൽ 93 ലക്ഷം റിയാൽ വിളിച്ചിരിക്കുന്നത്. ലേലം അവസാനിക്കാൻ ആറ് ദിവസം ബാക്കിയുള്ളതിനാൽ തുക ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തിൽ കിട്ടുന്ന വരുമാനം രാജ്യത്തെ ഔദ്യോഗിക ചാരിറ്റി പ്ലാറ്റ്ഫോമായ ‘ഇഹ്സാനി’ലേക്ക് നൽകുമെന്ന് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ട്വിറ്റ് ചെയ്തിരുന്നു.

ആദ്യമായാണ് വ്യത്യസ്തവും സവിശേഷതകളുള്ള ഒറ്റ ടിക്കറ്റ് ലേലം സംഘടിപ്പിക്കുന്നതെന്നും അത് സ്വന്തമാക്കുന്നവർക്ക് സ്റ്റേഡിയത്തിൽ സവിശേഷവും അതുല്യവുമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കുകയും ചെയ്തിരുന്നു. ജേതാക്കളെ കിരീടമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനും ടീമുകൾക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള സവിശേഷ അവസരമാണ് ടിക്കറ്റ് നേടുന്നയാൾക്ക് ലഭിക്കുക.

Follow Us:
Download App:
  • android
  • ios