മധ്യനിരയിൽ തിളങ്ങിയ റോഡ്രിഗോ ഡി പോളിന്റെ മികച്ച പ്രകടനമായിരുന്നു അർജന്റീന- അൾജീരിയ മത്സരത്തിലെ മറ്റൊരു പ്രധാന ഘടകം.
കാൻസാസ് സിറ്റി: ഹാട്രിക് തിളക്കത്തോടെ മെസിയുടെ മിന്നും പ്രകടനത്തിൽ അൾജീരിയയെ തകർത്ത അർജന്റീന തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. വിശ്വവേദിയിൽ റെക്കോർഡുകളുടെ പെരുമഴയുമായാണ് മെസി ഇന്ന് കളിയവസാനിപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്. ജൂൺ 22 ന് ഓസ്ട്രിയയുമായും, 28 ന് ജോർദാനുമായാണ് അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ.
മെസിയുടെ മിന്നും പ്രകടനത്തിനൊപ്പം ഇന്ന് ഏറ്റവും കൂടുതൽ കളം നിറഞ്ഞ് കളിച്ച താരമായിരുന്നു റോഡ്രിഗോ ഡീ പോൾ. മധ്യനിരയിൽ നിന്നും അൾജീരിയൻ കളിക്കാരെ നിഷ്പ്രഭമാക്കികൊണ്ട് മെസിക്ക് നീട്ടി നൽകിയ പാസ്- അത് മാത്രം മതി അയാളിലെ പ്രതിഭ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കാൻ. പാസ് സ്വീകരിച്ച് ഞൊടിയിടയിൽ അൾജീരിയൻ ബോക്സിലേക്ക് മുന്നേറിയ മെസി, ബോക്സിന് പുറത്തുനിന്ന് ഗോൾമുഖത്തേക്ക് ലോങ്ങ് റേഞ്ചർ പായിച്ചു. ഡീ പോളിന്റെ ആ ഒരൊറ്റ പാസാണ് കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞത്. ആദ്യ ഗോളിന് ശേഷം പിന്നെ അവർക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വീണ്ടും പിറന്നു രണ്ട് ഗോളുകൾ.
കരിയറിൽ മികച്ചുനിൽക്കുന്ന സമയത്താണ് സ്പാനിഷ് ലീഗ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ഡീ പോൾ ലോണിൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നത്. ദേശീയ ടീമിലെ തന്റെ ആത്മസുഹൃത്തും സഹതാരവുമായിരുന്ന മെസിക്കൊപ്പം കളിക്കാൻ വേണ്ടിയുള്ള തീരുമാനം മാത്രമായിരുന്നില്ല അത്. അന്ന് ഡീ പോളിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്. അത്തരം വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി കൂടിയാണ് ഡീ പോൾ മൈതാനത്ത് ഇന്ന് നൽകിയത്. തന്റെ ക്യാപ്റ്റന് വേണ്ടി ഏതറ്റം വരെയും പോകാൻ അയാൾ തയ്യാറാണെന്ന് കോപ അമേരിക്ക ഫൈനലിലും, ലോകകപ്പ് ഫൈനലിലും നമ്മൾ കണ്ടതാണ്. ഡീ പോളിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അയാളുടെ ശീലങ്ങളുടെ തുടർച്ച മാത്രമാണ്.
മെസിക്ക് പിറകിലായി 7.7 റേറ്റിങ്ങോടെയാണ് അയാൾ ഇന്നലെ കളിയവസാനിപ്പിച്ചത്. കളിയിലുടനീളം ഒരൊറ്റ ഫൗൾ പോലും വഴങ്ങാതെയാണ് ഡീ പോൾ തിളങ്ങി നിന്നത്. 5 ഡ്യൂവലുകൾ വിജയിച്ച ഡീ പോൾ, 68 ടച്ചുകളാണ് ഇന്നത്തെ കളിയിൽ നടത്തിയത്. ഒൻപത് ഡിഫൻസീവ് ഇന്റർവെൻഷനുകൾ നടത്തിയ ഡീ പോൾ പ്രതിരോധത്തിലും മികച്ചുനിൽക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഈ ഫോം തുടർന്നാൽ വരും മത്സരങ്ങളിലും അനായാസവിജയം നേടാനാവുമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.



