Asianet News MalayalamAsianet News Malayalam

മിഡ്‌ഫീൽഡിലും കരുത്തുകൂട്ടി ബ്ലാസ്റ്റേഴ്സ്: രോഹിത് കുമാർ ടീമില്‍

പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറി.

Rohit Kumar joins Kerala Blasters
Author
Kochi, First Published Aug 26, 2020, 6:07 PM IST

കൊച്ചി: മിഡ്‌ഫീൽഡിലും കരുത്തുകൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. മിഡ്ഫീല്‍ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി 23 കാരനായ ഹൈദരാബാദ് എഫ്‌സി താരം രോഹിത് കുമാറുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ഡി‌എസ്‌കെ ശിവാജിയൻസ് എൽ‌എഫ്‌സി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത്  കരിയർ ആരംഭിച്ചത്.  2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.

2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആ സീസണിൽ  ഐ-ലീഗിൽ രോഹിത് നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ  ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്‌സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറി.

പുതിയ ക്ലബ്ബിനായി ഒൻപത് മത്സരങ്ങളിൽ സെൻട്രൽ മിഡ്‌ഫീൽഡർ നിരയിൽ കളിച്ച രോഹിത് ഒരു ഗോൾ നേടുകയും ചെയ്തു. എല്ലായ്പ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നുവെന്ന് രോഹിത് കുമാര്‍ പറഞ്ഞു. ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയിൽ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ടീം അംഗങ്ങളുടെ പിന്തുണയോടെ, സമീപഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി കിരീടങ്ങൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അർഹമാണ്- രോഹിത് കുമാർ പറഞ്ഞു.

രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.  ഏറ്റവും മികച്ച രീതിയിൽ രോഹിത്തിനെ ക്ലബ്ബ് പിന്തുണക്കുമെന്നും കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു

Follow Us:
Download App:
  • android
  • ios