ബാഴ്സലോണ: ബാഴ്സലോണ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു. ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ബാഴ്സലോണയുടെ പുതിയ പരിശീലകനാകുമെന്നും സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സയില്‍ തുടരുമെന്നും ബര്‍തോമ്യു ബാഴ്സയുടെ ഔദ്യോഗിക ടിവി ചാനലില്‍ പറഞ്ഞു.


അവസാന നിമിഷം മറ്റ് കാര്യങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കോമാന്‍ തന്നെ ബാഴ്സയുടെ പുതിയ പരിശീലകനാകും. ബാഴ്സക്കായി വ്യത്യസ്തശൈലി കോമാന്‍ ആവിഷ്കരിക്കും. കോമാനില്‍ വിശ്വാസമര്‍പ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. കാരണം, അദ്ദേഹത്തെ ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ ശൈലി എങ്ങനെയായിരിക്കുമെന്നും ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്.

ജൊഹാന്‍ ക്രൈഫിന്റെ സ്വപ്ന ടീമില്‍ കളിച്ചിട്ടുള്ള കോമാന് ബാഴ്സയെക്കുറിച്ചും നല്ല ധാരണയുണ്ട്. അതുപോലെ ടീം ക്യാപ്റ്റനായ ലിയോണല്‍ മെസി ക്ലബ്ബില്‍ തുടരും. കോമാന്റെ ടീമില്‍ മെസി അവിഭാജ്യ ഘടകമായിരിക്കും.അടുത്ത സീസണ്‍വരെ ബാഴ്സയുമായി കരാറുള്ള മെസിയോട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ക്ലബ്ബിന്റെ പുതിയ പദ്ധതികളെക്കുറിച്ചും പുന: സംഘടനയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ബര്‍തോമ്യു പറഞ്ഞു.

ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. അക്കാര്യം മെസി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. മെസിയെക്കുറിച്ച് കോമാനോടും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പദ്ധതികളില്‍ മെസിയായിരിക്കും ടീമിന്റെ നട്ടെല്ലെന്ന് വ്യക്തമാക്കിയിരുന്നു-ബര്‍തോമ്യു  പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന് തോറ്റശേഷമാണ് ബാഴ്സയില്‍ പൊട്ടിത്തെറി തുടങ്ങിയത്. തോല്‍വിക്ക് പിന്നാലെ ടീമിന്റെ മുഖ്യപരിശീലീകനായ ക്വിക്കെ സെറ്റിയനെയും സ്പോര്‍ട്ടിംഗ് ഡയറക്ടറായ എറിക് ആബിദാലിനെയും ബാഴ്സ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതിനുപുറമെ ടീം ഉടച്ചുവാര്‍ക്കാനും ബാഴ്സ തീരുമാനിച്ചിട്ടുണ്ട്.