സെമിയിലും ഫൈനലിലും റൊണാള്‍ഡോ കളിക്കാനിറങ്ങിയത് വിചിത്രമായ ഹെയര്‍ സ്‌റ്റൈലുമായിരുന്നു. തലയുടെ മുന്‍വശത്ത് മാത്രം മുടിയുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല.  

ബ്രസീലിയ: 2002 ലോകകപ്പിന്റെ താരമായിരുന്നു ബ്രസീലിയന്‍ താരം റൊണാള്‍ഡോ. എട്ട് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയ റൊണാള്‍ഡോ ബ്രസീലിനെ ലോക ചാമ്പ്യന്‍മാരുമാക്കി. എന്നാല്‍ സെമിയിലും ഫൈനലിലും റൊണാള്‍ഡോ കളിക്കാനിറങ്ങിയത് വിചിത്രമായ ഹെയര്‍ സ്‌റ്റൈലുമായിരുന്നു. തലയുടെ മുന്‍വശത്ത് മാത്രം മുടിയുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. 

ജര്‍മനിക്കെതിരെ ഫൈനലില്‍ റൊണാള്‍ഡോ കളിക്കാനിറങ്ങിയത് മുന്‍വശത്ത് കുറ്റിമുടിയുമുള്ള സ്റ്റൈലിലായിരുന്നു. ഗോളടി മികവിനൊപ്പം തന്നെ ബ്രസീലിയന്‍ താരത്തിന്റെ ഈ ഹെയര്‍ സ്‌റ്റൈലും ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹെയര്‍സ്‌റ്റൈല്‍ ലോകം മുഴുവന്‍ ചര്‍ച്ചയായി. വീട്ടുകാരെ ധിക്കരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഇത് വ്യാപകമായി അനുകരിച്ചു. ഹെയര്‍സ്‌റ്റൈലിന് പിന്നിലെ രഹസ്യം ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ. 

അതൊരു മോശം ഹെയര്‍സ്‌റ്റൈലായിരുന്നു എന്നാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ മോശം ഹെയര്‍ സ്‌റ്റൈല്‍ കുട്ടികള്‍ അനുകരിച്ചതിന് ലോകമെമ്പാടുമുള്ള അമ്മമാരോട് ക്ഷമാപണവും നടത്തി. തന്റെ വിചിത്ര ഹെയര്‍സ്‌റ്റൈലിന് പിന്നിലെ രഹസ്യമെന്തെന്ന് പറയുകയാണ് റൊണാള്‍ഡോ. ''തുര്‍ക്കിക്കെതിരായ സെമിപോരാട്ടത്തിന് മുമ്പ് പരിക്കേറ്റു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യവുമില്ലായിരുന്നു. അവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് അത്തരമൊരു ഹെയര്‍സ്‌റ്റൈല്‍ സ്വീകരിച്ചത്. ഹെയര്‍കട്ട് സഹതാരങ്ങള്‍ക്ക് പോലും ഇഷ്ടമായിരുന്നില്ല. ഇത് വിചിത്രമാണെന്നും മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.'' റൊണാള്‍ഡോ വെളിപ്പെടുത്തുന്നു. 

എന്തായാലും ജര്‍മ്മനിക്കെതിരായ ഫൈനലില്‍ രണ്ട് ഗോളുമായി റൊണാള്‍ഡോ ബ്രസീലിന്റെ വിജയശില്‍പ്പിയുമായി. ഈ രണ്ട് ഗോളിനാണ് ബ്രസീല്‍ ജര്‍മനിയെ മറികടന്നത്.