പരിശീലകൻ ജോർജ്ജ് ജീസസുമായി വഴക്കിട്ട് ക്യാമ്പ് വിട്ടതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ വിലക്കും പിഴയും ഏർപ്പെടുത്തി.

ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ടീമിന്‍റെ പരിശീലന ക്യാമ്പിൽ നിന്ന് പരിശീലകനുമായി വഴക്കിട്ട് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 285 ഡോളർ) പിഴയും റൊണാൾഡോക്ക് ഫെഡറേഷൻ ചുമത്തിയിട്ടുണ്ട്. ഈ മാസം നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായായിരുന്നു പ്ലേയിംഗ് ഇലവനിൽ ഇറക്കാത്തതിന്‍റെ പേരില്‍ റൊണാള്‍ഡോ കലഹിച്ച് പരിശീലന ക്യാംപ് വിട്ടത്.

പരിശീലകൻ ജോർജ്ജ് ജീസസുമായി ടീമിലെ തന്‍റെ റോളിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കോപ്പൻഹേഗനിലെ പോർച്ചുഗൽ ക്യാമ്പിൽ നിന്ന് റൊണാൾഡോ പോകുകയായിരുന്നു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി കളത്തിലിറക്കാതിരിന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിന് മുൻപായി പരിശീലകൻ തനിക്ക് നൽകിയ വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് റൊണാൾഡോ ടീം ക്യാമ്പ് വിടുകയായിരുന്നു.

എന്നാൽ, റൊണാൾഡോയുമായി അത്തരം യാതൊരു കരാറിലോ ധാരണയിലോ എത്തിയിട്ടില്ലെന്ന് കോച്ച് ജോർജ്ജ് ജീസസ് വ്യക്തമാക്കി. അതേസമയം, ടീം മാനേജ്‌മെന്‍റുമായി ഭിന്നത നിലനിൽക്കുമ്പോഴും റൊണാൾഡോയ്ക്ക് തിരികെ വരാനുള്ള വാതിലുകൾ അടച്ചിട്ടില്ലെന്ന് പരിശീലകൻ സൂചിപ്പിച്ചു.

മാപ്പ് പറഞ്ഞ് റൊണാൾഡോ

പരിശീലന ക്യാമ്പ് വിട്ട സംഭവത്തിൽ റൊണാൾഡോ പിന്നീട് ആരാധകരോടും സഹതാരങ്ങളോടും പരസ്യമായി മാപ്പ് അപേക്ഷിച്ചു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തന്‍റെ പെരുമാറ്റം ഉചിതമായിരുന്നില്ലെന്ന് സമ്മതിച്ച താരം, തനിക്ക് ലഭിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. വിലക്ക് കാലാവധി പൂർത്തിയാക്കിയ ശേഷം പോർച്ചുഗൽ ദേശീയ ടീമിനായി വീണ്ടും കളിക്കളത്തിലിറങ്ങാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും 41-കാരനായ റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക