റിയോഡി ജനീറോ: ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസി ഒന്നാമതുള്ള പട്ടികയില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്ല എന്നത് ആരാധകരെ അത്ഭുതപ്പെടുത്തി.


മെസിയാണ് ഒന്നാമനെന്നും അതില്‍ തര്‍ക്കമില്ലെന്നും വ്യക്തമാക്തിയ റൊണാള്‍ഡോ മുഹമ്മദ് സലാ, ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരെയാണ് ആദ്യ അഞ്ചുപേരില്‍ ഉള്‍പ്പെടുത്തിയത്. മെസിയാണോ ക്രിസ്റ്റ്യാനോ ആണോ കേമനെന്ന് ഫുട്ബോള്‍ ലോകം ഒന്നര പതിറ്റാണ്ടായി തര്‍ക്കിക്കുമ്പോഴാണ് ആദ്യ അഞ്ചുപേരില്‍ പോലും ഉള്‍പ്പെടുത്താതെ റൊണാള്‍ഡോ, ക്രിസ്റ്റ്യാനോയെ തഴഞ്ഞത് എന്നതും ശ്രദ്ധേയമായി.

Also Read:മെസ്സിയും റൊണാള്‍ഡോയും നെയ്മറുമല്ല, യഥാര്‍ത്ഥ 'GOAT' ആരെന്ന് പ്രഖ്യപിച്ച് റോബര്‍ട്ടോ കാര്‍ലോസ്

മെസിയാണ് ഒന്നാമന്‍. അതില്‍ യാതൊരു തര്‍ക്കവുമില്ല. 20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമെ മെസിയെപ്പൊലൊരു കളിക്കാരനെ കാണാന്‍ കഴിയുകയുള്ളു. അതുപോലെ സലായെയും ഹസാര്‍ഡിനെയും നെയ്മറെയും തീര്‍ച്ചയായും എംബാപ്പെയും എനിക്ക് ഇഷ്ടമാണ്. എംബാപ്പെയുടെ കേളീശൈലി തന്റെ ശൈലിയുമായി അടുത്ത് നില്‍ക്കുന്നതാണെന്നും റൊണാള്‍ഡോ പറഞ്ഞു.

Also Read:മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി


ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്, എംബാപ്പെയെ കണ്ടാല്‍ എന്നെപ്പോലെയുണ്ടെന്ന്. അവന് മികച്ച വേഗമുണ്ട്, മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും കഴിയും. ഇരുകാലുകള്‍കൊണ്ടും ഷൂട്ട് ചെയ്യാനും മിടുക്കുണ്ട്. അങ്ങനെ ഒരുപാട് സാമ്യതകള്‍ ഞങ്ങള്‍ തമ്മിലുണ്ട്. പക്ഷെ ഒരിക്കലും താരതമ്യങ്ങള്‍ ഞാനിഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് രണ്ട് തലമുറയിലെ താരങ്ങള്‍ തമ്മില്‍-റൊണാള്‍ഡോ പറഞ്ഞ‌ു.