ബ്യൂണസ്അയേഴ്സ്: ഫുട്ബോളിലെ സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് മുന്‍ അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസ്. നാട്ടുകാരനായ ലിയോണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണിയും എല്ലാം ഉള്‍പ്പെടുന്നതാണ് ടെവസിന്റെ സ്വപ്ന ടീം. തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഏഴ് താരങ്ങളെ ടെവസ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്റെ മുന്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഒറ്റ താരം പോലും ടെവസിന്റെ ടീമിലില്ല.വിരമിക്കുമ്പോള്‍ തനിക്ക് യാത്രയയപ്പ് മത്സരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ മത്സരത്തിനുള്ള ടീം ഇതായിരിക്കണമെന്ന് പറഞ്ഞാണ് ടെസവസ് സ്വപ്ന ഇലവനെ പ്രഖ്യാപിച്ചത്. ജിയാന്‍ലൂജി ബുഫണാണ് ടെവസിന്റെ ടീമിന്റെ ഗോള്‍വല കാക്കുന്നത്. ഹ്യൂഗോ ഇബ്ബാറ, റിയോ ഫെര്‍ഡിനന്റ്, ഗബ്രിയേല്‍ ഹെയിന്‍സ്, പാട്രിക് എവ്‌റ, പോള്‍ സ്കോള്‍സ്, ആന്ദ്രെ പിര്‍ലോ, പോള്‍ പോഗ്ബ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, വെയ്ന്‍ റൂണി എന്നിവരാണ് ടെവസിന്റെ ടീമിലുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും അര്‍ജന്റീന ദേശീയ ടീമിലും തിളങ്ങിയ ടെവസ് ഇപ്പോള്‍ അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്സിന്റെ താരമാണ്. യൂറോപ്യന്‍ ഫുട്ബോളിലേക്ക് മടങ്ങുകയാണെങ്കില്‍ വെസ്റ്റ് ഹാമിനായി കളിക്കാനാണ് താല്‍പര്യമെന്നും ഇല്ലെങ്കില്‍ ആറ് മാസത്തോളം ബ്രസീല്‍ ക്ലബ്ബായ കൊറിന്ത്യന്‍സിന് വേണ്ടി കളിക്കുമെന്നും ടെവസ് പറഞ്ഞു.

അര്‍ജന്റീനക്കായി 76 മത്സരങ്ങള്‍ കളിച്ച ടെവസ് 13 ഗോളുകള്‍ നേടി. 2004ലെ ഒളിംപിക് സ്വര്‍ണം നേടിയ അര്‍ജന്റീന ടീമിലും ടെവസ് കളിച്ചു. ഇടക്കാലത്ത് ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാംഗ്‌ഹായ് ഷെന്‍ഹുവക്കായും ടെവസ് കളിച്ചിരുന്നു.