ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്നത് വാര്‍ത്ത വ്യാജം. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്മെന്റ് വ്യക്തമാക്കി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ ഹോട്ടലുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മാര്‍സയാണ് വാര്‍ത്ത നല്‍കിയത്. പിന്നീട് ആ വാര്‍ത്ത അവര്‍ പിന്‍വലിച്ചിരുന്നു.

എങ്കിലും വിവിധ മാധ്യങ്ങള്‍ തെറ്റായ വിവരം വാര്‍ത്തയാക്കി. ഹോട്ടല്‍ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ആശയകുഴപ്പമൊഴിയുകയായിരുന്നു. തന്റെ ബ്രാന്‍ഡായ 'സിആര്‍7'ന്റെ പേരിലുള്ള ഹോട്ടലുകളാണ് ക്രിസ്റ്റ്യാനോ ആശുപത്രികളാക്കി മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. ഈ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ താരം വഹിക്കുമെന്നും പ്രചരിച്ചു.

ഞങ്ങള്‍ ഹോട്ടലുകള്‍ നടത്തുകയാണ്. അവയെ ആശുപത്രികളാക്കി മാറ്റുന്നില്ല. എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരും. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ലിസ്ബണിലെ ഹോട്ടലിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

അതേസമയം വിവാദത്തില്‍ റൊണാള്‍ഡോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. താരമിപ്പോള്‍ പോര്‍ച്ചുഗലിലെ മദീരയില്‍ ക്വാറന്റൈനിലാണ്. ടീമംഗമായ റുഗാനിയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. പോര്‍ച്ചുഗലില്‍ ഇതുവരെ 170ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരും ഇതുവരെ ഇവിടെ മരണപ്പെട്ടിട്ടില്ല.