ബാലൺ ഡി ഓർ പുരസ്കാരത്തിന്‍റെ 70-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' പുരസ്കാരം.
പാരീസ്: എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരത്തിനുള്ള 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' (B.O.A.T.) പുരസ്കാരം സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കാഴ്ചവെച്ച അവിസ്മരണീയ പ്രകടനത്തിന്‍റെ കരുത്തിലാണ് അര്‍ജന്‍റീന മുന്‍ നായകന്‍ ലിയോണൽ മെസിയെ മറികടന്ന് റൊണാള്‍ഡോ 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' പുരസ്കാരം സ്വന്തമാക്കിയത്.
ബാലൺ ഡി ഓർ പുരസ്കാരത്തിന്‍റെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരാധക വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 2008 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 42 ഗോളുകൾ നേടിയ റൊണാൾഡോ ടീമിനെ പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
2012-ൽ ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി 91 ഗോളുകൾ അടിച്ചുകൂട്ടി റെക്കോർഡിട്ട മെസിയുടെ റെക്കോർഡ് റെക്കോര്‍ഡ് സീസണെയാണ് റൊണാൾഡോ വോട്ടെടുപ്പിലൂടെ പിന്തള്ളിയത്. ആരാധകരുടെ വോട്ടെടുപ്പിൽ ആദ്യ 10 സ്ഥാനങ്ങളും മെസിയും റൊണാള്‍ഡോയും തന്നെയാണ് പങ്കിട്ടത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി ഓർ നേടിയ 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച വ്യക്തിഗത സീസണുകളിൽ നിന്ന് ഒന്നാമതിനെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം നൽകിയായിരുന്നു വോട്ടെടുപ്പ്. യോഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബാവർ, അൽഫ്രെഡോ ഡി സ്റ്റെഫാനോ, റൊണാൾഡോ നസാരിയോ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ നിന്നാണ് റൊണാൾഡോയുടെ 2008 സീസൺ ഏറ്റവും കൂടുതൽ പിന്തുണ നേടിയത്.




