ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഫ്രാൻസ് ഇന്ന് സ്വീഡനെ നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായി മികച്ച ഫോമിലാണ് ഫ്രാൻസ് എത്തുന്നത്. എംബാപെ, ഡെംബലെ എന്നിവർ ടീമിന് കരുത്താകുമ്പോൾ, കടുത്ത ഗ്രൂപ്പ് ഘട്ടം കടന്നെത്തുന്ന സ്വീഡന്റെ പ്രതീക്ഷ സൂപ്പർതാരം അലക്‌സാണ്ടർ ഇസാക്കിലാണ്.

ന്യൂജഴ്‌സി: ലോകകിരീടം ലക്ഷ്യമിട്ട് ഫ്രാൻസ് ഇന്ന് സ്വീഡനുമായുള്ള നോക്കൗട്ട് മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ചാമ്പ്യാന്മാരായി എത്തുന്ന ഫ്രാൻസ് മികച്ച ഫോമിലാണ്. സെനഗൽ, ഇറാഖ്, നോർവേ എന്നീ ടീമുകളെ ഗ്രൂപ്പ് മത്സരങ്ങളിൽ തോല്പിയ്ച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഫ്രാൻസ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ തന്നെയാണ് ഫ്രാൻസിന്റെ വരവ്. എംബാപെയുടെയും ഡംബെലെയുടെയും ഒലീസേയുടെയും മിന്നും ഫോം ആണ് ഫ്രാൻസിന്റെ കരുത്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കടുപ്പമേറിയ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് സ്വീഡൻ എത്തുന്നത്. നെതർലൻഡ്സിനോട് ആദ്യ മാത്രത്തിൽ വലിയ മാർജിനിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ട്യുണീഷ്യയോട് വിജയിക്കുകയും ജപ്പാനെ സമനിലയിൽ തളച്ചുമാണ് സ്വീഡൻ എത്തുന്നത്. സൂപ്പർതാരം അലക്‌സാണ്ടർ ഇസാക്കിന്റെ മികച്ച ഫോം ആണ് സ്വീഡന്റെ കരുത്ത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ഇംഗ്ളണ്ടിനോട് തോൽവി ഏറ്റുവാങ്ങിയായിരുന്നു സ്വീഡൻ പുറത്തുപോയത്.

അതേസമയം ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ എംബാപെ ഇന്ന് മെസിയെ മറികടക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. മൂന്ന് കളികളിൽ നാല് ഗോളുകളാണ് എംബാപെയുടെ സമ്പാദ്യം. കൂടാതെ രണ്ട് അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. എംബാപെ മിന്നും പ്രകടനത്തിനൊപ്പം ഉസ്മാൻ ഡെമ്പലെയും മൈക്കിൾ ഒലിസെയും മികച്ച ഫോമിൽ തുടരുന്നത് ഫ്രാൻസിനെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്നതാണ്. നാളെ പുലർച്ചെ 2.30 നാണ് മത്സരം.

YouTube video player