Asianet News MalayalamAsianet News Malayalam

അരങ്ങേറ്റ സീസണ്‍ പവറായി; റൂബന്‍ ഡിയാസ് പ്രീമിയര്‍ ലീഗിലെ മികച്ച താരം; പെപ് പരിശീലകന്‍

പ്രീമിയര്‍ ലീഗ് കിരീടത്തില്‍ സിറ്റിയെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് പോര്‍ച്ചുഗീസ് താരം വഹിച്ചിരുന്നു. 

Ruben Dias named Premier League Player of the Season 2020 21
Author
London, First Published Jun 5, 2021, 7:43 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധതാരം റൂബന്‍ ഡിയാസിന്. പ്രീമിയര്‍ ലീഗ് കിരീടത്തില്‍ സിറ്റിയെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് പോര്‍ച്ചുഗീസ് താരം വഹിച്ചിരുന്നു. ഇപിഎല്ലിലെ അരങ്ങേറ്റ സീസണിലാണ് ഡിയാസിന്‍റെ പുരസ്‌കാര നേട്ടം എന്നത് ശ്രദ്ധേയമാണ്. 

മികച്ച പരിശീലകനുള്ള പുരസ്‌കാരം സിറ്റിയുടെ തന്നെ പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. മൂന്നാം തവണയാണ് പുരസ്‌കാരം പെപിനെ തേടിയെത്തുന്നത്. 

പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം പോര്‍ച്ചുഗീസ് താരമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരിക്കേ 2006/07, 2007/08 സീസണുകളില്‍ പുരസ്‌കാരം നേടിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഡിയാസിന്‍റെ മുന്‍ഗാമി. 

കഴിഞ്ഞ സീസണിലും ഒരു സിറ്റി താരത്തിന് തന്നെയായിരുന്നു പുരസ്‌കാരം. സിറ്റിയുടെ മധ്യനിര എഞ്ചിന്‍ കെവിന്‍ ഡിബ്രൂയിനാണ് അവാര്‍ഡ് സ്വന്തമാക്കിയത്. ഇക്കുറി ഡിബ്രൂയിനെ കൂടാതെ ബ്രൂണോ ഫെര്‍ണാണ്ടസ്, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്‌ന്‍, മേസന്‍ മൗണ്ട്, മുഹമ്മദ് സലാ, തോമസ് സോചെക് എന്നിവരെ പിന്തള്ളിയാണ് ഡിയാസ് മികച്ച താരമായത്.

ബെന്‍ഫിക്കയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഡിയാസ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഇംഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടെ സംഘടനയായ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്‍റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരവും 24കാരനായ ഡിയാസിനായിരുന്നു. ഇതോടെ ഇംഗ്ലണ്ടിലെ അരങ്ങേറ്റത്തില്‍ ഇരട്ട അവാര്‍ഡുകള്‍ ഡിയാസിന് സ്വന്തമായിരിക്കുകയാണ്. 

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ സീസണിലെ താരമായി തെര‍ഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മാത്രം പ്രതിരോധതാരമാണ്. നെമാന്യ വിഡിച്ച്, വിന്‍സെന്‍റ്  കൊംപനി, വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരാണ് മുമ്പ് പുരസ്‌കാരം നേടിയ ഡിഫന്‍റര്‍മാര്‍.

ചരിത്രം ആവര്‍ത്തിച്ചു 32 വര്‍ഷത്തിന് ശേഷം! സിറ്റിയുടെ റൂബൻ ഡിയാസിന് പുരസ്‌കാരം 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios