ഇന്ത്യന്‍ കായികരംഗത്തെ രണ്ട് ഗോട്ടുകളാണ് വിരാട് കോലിയും സുനില്‍ ഛേത്രിയും

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്നലെ ഇന്ത്യന്‍ ടീം പാകിസ്ഥാനെ തരിപ്പിണമാക്കിയിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ചേത്രി ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു ഇന്ത്യന്‍ ടീം. ഇതോടെ ഛേത്രി തേടി സാമൂഹ്യമാധ്യമങ്ങളിലെത്തിയ പ്രശംസകളില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുമായുള്ള താരതമ്യമായിരുന്നു. ക്രിക്കറ്റില്‍ കോലി എങ്കില്‍ ഫുട്ബോളില്‍ ചേത്രിയാണ് പാക് ഫുട്ബോളിന്‍റെ അന്തകന്‍ എന്നായിരുന്നു ആരാധകരുടെ വിവിധ ട്വീറ്റുകള്‍. പാകിസ്ഥാനെതിരെ എപ്പോഴും മികച്ച പ്രകടനം കോലി പുറത്തെടുക്കാറുള്ളത് സൂചിപ്പിച്ചായിരുന്നു ആരാധകരുടെ ഈ പ്രശംസയെല്ലാം.

ഇന്ത്യന്‍ കായികരംഗത്തെ രണ്ട് ഗോട്ടുകളാണ് വിരാട് കോലിയും സുനില്‍ ഛേത്രിയും. ഇരുവരും പാകിസ്ഥാനെ ഒരേ സ്റ്റൈലില്‍ കീഴ്പ്പെടുത്തി എന്നായിരുന്നു ഒരു ആരാധക ട്വീറ്റ്. ഇന്ത്യന്‍ ഫുട്ബോളിലെ വിരാട് കോലിയാണ് ഛേത്രി എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കോലിയും ഛേത്രിയും തീയാകും എന്നും ട്വീറ്റുകളിലുണ്ടായിരുന്നു. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ പാകിസ്ഥാനെതിരെ ഛേത്രി ഹാട്രിക് നേടിയെങ്കില്‍ കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ പാക് ക്രിക്കറ്റ് ടീമിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച താരമാണ് വിരാട് കോലി എന്നതാണ് ആരാധകരുടെ ഈ പ്രശംസയ്ക്കെല്ലാം കാരണം. മാത്രമല്ല, ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. 

മത്സരത്തില്‍ സുനില്‍ ഛേത്രി ഗംഭീര ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തകർക്കുകയായിരുന്നു. 10, 16, 73 മിനുറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. 81-ാം മിനുറ്റില്‍ ഉദാന്ത സിംഗ് പട്ടിക പൂർത്തിയാക്കി. പാകിസ്ഥാനെതിരെ ടീം ഇന്ത്യയുടെ തുടർച്ചയായ ഏഴാം ക്ലീന്‍ ഷീറ്റാണിത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ നിലവില്‍ ഒന്നാമതാണ്. ഹാട്രിക്കോടെ ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം 90 ആയി എന്നതും ശ്രദ്ധേയമാണ്. 109 ഗോള്‍ നേടിയിട്ടുള്ള ഇറാന്‍റെ ഇതിഹാസ താരം അലി ദേയി മാത്രമാണ് ഏഷ്യന്‍ താരങ്ങളുടെ ഗോള്‍ പട്ടികയില്‍ ഇനി ഛേത്രിക്ക് മുന്നിലുള്ളത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: മുന്നില്‍ റൊണാള്‍ഡോയും മെസിയും മാത്രം, ഏഷ്യയിലെ രണ്ടാമന്‍; ചരിത്രനേട്ടത്തില്‍ സുനില്‍ ഛേത്രി