കൊച്ചി:  പ്രതിരോധനിര താരം സന്ദീപ് സിംഗ് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുന്നത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി.

അടുത്ത വർഷം പൂനെ എഫ്‌സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.  തുടർന്ന് 2018-19 ഐ‌എസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തുന്നതിനു മുൻപായി 2017-2018 സീസണിൽ ലാങ്‌സ്നിംഗ് എഫ്.സിയെ പ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ  ട്രാവു എഫ്‌സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സന്ദീപ്, അവിടെ നിന്നാണ് കെ‌ബി‌എഫ്‌സിയിൽ എത്തിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ  കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലായ്പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നൽകുന്നത്. ആ പിന്തുണ നേടുവാനും അവർക്ക്   അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദീപ് സിംഗ് പറഞ്ഞു.

ഐ-ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.  ഐ‌എസ്‌എല്ലിൽ പുറത്തെടുത്ത തന്റെ മികവ് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടിയും  സന്ദീപ്  പുറത്തെടുക്കമെന്നാണ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.