കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ തമിഴ്നാടിനെ ഗോളില്‍ മുക്കി കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറ് ഗോളിനാണ് കേരളം തമിഴ്നാടിനെ കെട്ടുകെട്ടിച്ചത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളിന് മുക്കിയാണ് കേരളം വരവറിയിച്ചത്. 

ഒന്നാം പകുതിയില്‍ മൂന്ന് ഗോളിനാണ് കേരളം മുന്നിട്ട് നിന്നത്. 24ാം മിനിറ്റിലാണ് കേരളം വിഷ്ണുവിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. 33ാം മിനിറ്റില്‍ എംഎസ് ജിതിന്‍ കേരളത്തിന് ലീഡ് നല്‍കി. 45ാം മിനിറ്റില്‍ ജിതിന്‍ കേരളത്തിന്‍റെ മൂന്നാം ഗോളും തന്‍റെ ഡബിളും പൂര്‍ത്തിയാക്കി. അവസാന 10 മിനിറ്റിലാണ് കേരളം ബാക്കി മൂന്ന് ഗോളുകള്‍ നേടിയത്. 83ാം മിനിറ്റില്‍ മൗസുഫ് ലീഡ് നാലാക്കി വര്‍ധിപ്പിച്ചു. അധിക സമയത്തിന്‍റെ രണ്ടാം മിനിറ്റില്‍ ജിജോയും നാലാം മിനിറ്റില്‍ എമിലും പട്ടിക തികച്ചു.