ആളില്ലാത്ത ഗ്യലാറിയായിരുന്നു സന്തോഷ് ട്രോഫിയുടെ മുഖമുദ്ര. ഇത് തിരിച്ചിടുകയായിരുന്നു മലപ്പുറത്തെ കളിക്കമ്പക്കാർ. 

മഞ്ചേരി: ചരിത്രങ്ങളാണ് ഓരോ ഫുട്‌ബോൾ ടൂർണമെന്റുകളും. അതുപോലെ ചരിത്രത്തിന്റെ ഭാഗമാകുകയാണ് മലപ്പുറത്തെ സന്തോഷ് ട്രോഫിയും (Santosh Trophy 2022). ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ സന്തോഷ് ട്രോഫി മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചത് മുതൽ ഫുട്‌ബോൾ ലഹരിയിലായിരുന്നു ഈ നാട്. ഊണിലും ഉറക്കത്തിലും ഫുട്‌ബോൾ എന്ന ചിന്ത മാത്രമായിരുന്നു ഈ നാട്ടുകാർക്ക്. സ്വന്തം നാടായ കേരളം കിരീടം ചൂടിയതോടെ ആ സ്വപ്‌നം സാക്ഷാത്കരിച്ച ചാരിദാർഥ്യത്തിലായിരുന്നു ഓരോ മലപ്പുറം ഫുട്‌ബോൾ ആരാധകരുടെ മുഖവും.

ആരാധകർക്ക് കൊടുക്കണം ബിഗ് സല്യൂട്ട്

ആളില്ലാത്ത ഗ്യലാറിയായിരുന്നു സന്തോഷ് ട്രോഫിയുടെ മുഖമുദ്ര. ഇത് തിരിച്ചിടുകയായിരുന്നു മലപ്പുറത്തെ കളിക്കമ്പക്കാർ. രാജസ്ഥാനെതിരെ നടന്ന ആദ്യമത്സരത്തിൽ കാഴ്ചക്കാരായി എത്തിയത് 28,319 ആരാധകർ. ചിരവൈരികളായ ബംഗാളിനെതിരെ നടന്ന രണ്ടാം മത്സരത്തിനെത്തിയത് 23,180 പേരും. മേഘാലയക്കെതിരെ നടന്ന മൂന്നാമത്തെ മത്സരത്തിനെത്തിയത് 17,523 പേരാണ്. സെമിയിലും ആരാധകർക്ക് കുറവുണ്ടായിരുന്നില്ല. ഫൈനലിൽ മത്സരം വീക്ഷിക്കാനെത്തിയത് 26,857 പേരാണ്. ആദ്യ കളിയിലും ഫൈനൽ മത്സരത്തിലും നിരവധി ആരാധകരാണ് ടിക്കറ്റെടുത്തിട്ടും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകാതെ മടങ്ങിപ്പോയത്. ഗ്യാലറിയിൽ നിന്ന് ഉയർന്ന ആവേശം തന്നെയാണ് ടീമിനെ ഒരു പരാജയം പോലും ഏൽക്കാതെ ഫൈനലിലേക്ക് വഴി തുറന്നതെന്ന് നിസ്സംശയം പറയാം. സെമിയിൽ ആദ്യം കർണാടകയിൽ നിന്ന് ഗോൾ വഴങ്ങിയെങ്കിലും തിരിച്ചുവരുമെന്ന് വിളിച്ച് പറഞ്ഞ് ടീമിന് പൂർണ പിന്തുണ നൽകിയത് ഇതിന് ഉദാഹരണമാണ്.

കളി രാത്രി, വരി ഉച്ചക്ക്

സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റിനായി നട്ടുച്ചക്കാണ് ആരാധകർ വരി നിന്ന് തുടങ്ങിയത്. നാല് മണിക്കാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. എന്നാൽ ഓൺലൈൻ ടിക്കറ്റുകൾ വിറ്റഴിതോടെയാണ് ഉച്ചക്ക് രണ്ട് മണിക്ക് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഫുട്ബോൾ ആരാധകർ എത്തിയത്. കനത്ത ചൂടിനെപോലും വകവെക്കാതെയാണ് ആളുകൾ ടിക്കറ്റിനായി വരി നിന്നത്. സന്തോഷ് ട്രോഫിയിലെ ഏറ്റെവും മനോഹരമായ ദൃശ്യമായി ഈ രംഗം മാറുകയായിരുന്നു.

ആവേശം ചോരാതെ ഫൈനൽ മത്സരം

ഒരിടവേള കപ്പിനും ചുണ്ടിനുമിടയിൽ കപ്പ് നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്നെങ്കിലും കളി മാറിമറിഞ്ഞതോടെ ആരാധകർ ആവേശക്കൊടുമുടിയിലെത്തി. അധിക സമയത്ത് ബംഗാൾ ആദ്യം ഗോൾ കണ്ടെത്തിയതോടെ ഗ്യാലറി നിശബ്ദമായി. കേരളം സമനില ഗോൾ കണ്ടെത്തിയതോടെ ആഘോഷപ്പെരുന്നാളിന് തിരികൊളുത്തി. ഷൂട്ടൗട്ടിൽ ബംഗാളിന്റെ സജൽ ബാഗാണ് കിക്ക് പുറത്തേക്കടിച്ചതോടെ ആഹ്ലാദ നൃത്തങ്ങൾ തുടങ്ങി. ഗ്യാലറി ഇളകി മറിഞ്ഞു. ആനന്ദനൃത്തങ്ങൾ സ്‌റ്റേഡിയത്തിന്റെ പടവുകളിൽ സ്ഥാനം പിടിച്ചു. കേരളത്തിന്റെ അവസാന കിക്ക് നൈലോൺ വല കുലുക്കിയതോടെ ആവേശം കൊടുമുടിയിലെത്തി. ഗ്രൗണ്ടിലേക്ക് ആരാധകർ കൂട്ടമായി കടക്കാൻ ശ്രമിച്ചതോടെ പോലീസ് കളിക്കമ്പക്കാരെ വിരട്ടിയോടിക്കുകയായിരുന്നു.

നെഞ്ചിടിപ്പിന്‍റെ ഷൂട്ടൗട്ട്

അധികസമയത്തും 1-1 സമനിലയിലായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. നെഞ്ചിടിപ്പ് നൽകുന്നതായിരുന്നു ഷൂട്ടൗട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽ തോൽവികളെ അനുസ്മരിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു കാണികൾ. രണ്ട് തവണ ബ്ലാസ്‌റ്റേഴ്‌സിന് കപ്പിനും ചുണ്ടിനുമുടയിൽ നിർഭാഗ്യം വിരുന്നെത്തിയിരുന്നു. സഞ്ജു, ബിബിൻ അജയൻ, ജിജോ ജോസഫ്, ടി കെ ജസിൻ, ഫസലുറഹമാൻ എന്നിവരാണ് കേരളത്തിനായി കിക്കെടുത്തത്. ബംഗാളിന് വേണ്ടി ദിലീപ് ഓറൺ, സജൽ ബാഗ്, ബബലു ഓറൺ, തൻമെയ് ഗോഷ്, ഗോളി പ്രിയന്ത് കുമാർ സിങ് എന്നിവർ കിക്കെടുത്തു. ബംഗാളിന് വേണ്ടി രണ്ടാം കിക്കെടുത്ത സജൽ ബാഗ് പുറത്തേക്കടിച്ച് കിക്ക് നഷ്ടപ്പെടുത്തിയതാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. മൂന്ന് കിക്കെടുത്തതിന് ശേഷം ഗോളി മിഥുനെ മാറ്റി എസ് ഹജമലിനെ കേരളം രംഗത്തിറക്കിയിരുന്നു.

മലപ്പുറത്തിന് വേണം മികച്ച സ്‌റ്റേഡിയം

മലപ്പുറം ജില്ലക്ക് മികച്ച സ്‌റ്റേഡിയം വേണമെന്ന ആവശ്യമാണ് ആരാധകർ ഉയർത്തുന്നത്. നിലവിൽ പയ്യനാട് സ്‌റ്റേഡിയത്തിന് പരമാവധി 23000 ആളുകളെയാണ് ഉൾക്കൊള്ളാൻ കഴിയുക. മികച്ച ടൂർണമെൻറുകൾ വിരുന്നെത്താൻ ഇത് തടസ്സമാകും. ചുരുങ്ങിയത് 75,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്‌റ്റേഡിയമാണ് മലപ്പുറത്തിന് വേണ്ടത്.

Santosh Trophy : ഏഴാം കിരീടധാരണം; കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി, മലപ്പുറത്തെ ആരാധകക്കടലിന് പ്രശംസ