മെയ് രണ്ടിന് നടന്ന സന്തോഷ്‌ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത പലർക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നൽകിയിരുന്നില്ല

മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy 2022) ഫൈനലിൽ ടിക്കറ്റുണ്ടായിട്ടും കളി കാണാൻ കഴിയാത്തവർക്ക് തുക തിരികെ നൽകണമെന്ന് കലക്ടറുടെ പരാതിപ്പെട്ടിയിൽ പരാതി. അഴിമതി നിരോധന കമ്മിറ്റി മലപ്പുറം കലക്ടറേറ്റിൽ(Collectorate Malappuram) സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പരാതി ലഭിച്ചത്. ആകെ ലഭിച്ച അഞ്ച് പരാതികളില്‍ ഒന്നായിരുന്നു ഇത്. 

സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ലഭിച്ചിട്ടും മടങ്ങിപ്പോകേണ്ടി വന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകണമെന്ന പരാതി ഉചിതമായ നടപടിക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. മെയ് രണ്ടിന് നടന്ന സന്തോഷ്‌ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത പലർക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നൽകിയിരുന്നില്ല. എട്ട് മണിക്കുള്ള കളിക്ക് ആറ് മണിക്ക് തന്നെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. 7.30ന് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിക്കുമെന്നാണ് അധികൃതർ അറിയിപ്പ് നൽകിയിരുന്നത്. ഓൺലൈനായും സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റെടുത്തവരാണ് പുറത്താക്കപ്പെട്ടത്. ദൂരെ ദിക്കുകളിൽ നിന്നും പയ്യനാട്ടേക്കെത്തിയ പലർക്കും ബംഗാളുമായുള്ള ആവേശ മത്സരം കാണാനാകാതെ പുറത്തിരിക്കേണ്ടി വന്നിരുന്നു. സംഭവം വിവാദമാകുകയും ചെയ്തിരുന്നു. ഫൈനൽ മത്സരത്തിന് നട്ടുച്ചക്ക് വരി നിന്നാണ് ഫുട്‌ബോൾ പ്രേമികൾ ടിക്കറ്റ് കൈവശപ്പെടുത്തിയിരുന്നത്. 

ഇത് കൂടാതെ എളമരത്തെ അനധികൃത കെട്ടിട നിർമാണം, ആമയൂരിൽ അഴുക്ക് ചാലിൽ നിന്ന് മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത്, പത്തപ്പിരിയം സ്വദേശിയുടെ പരാതിയിൽ എടവണ്ണ പൊലീസ് നിയമനടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം, മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിന് അപകട ഭീഷണി ഉൾപ്പെടെയുള്ള പരാതികളാണ് പരാതിപ്പെട്ടിയിൽ നിന്ന് ലഭിച്ചത്. അനധികൃത കെട്ടിട നിർമാണം, അഴുക്കുചാല്‍ സംബന്ധിച്ച പരാതി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും പൊതുമരാമത്ത് അധികൃതർക്കും കൈമാറിയിട്ടുണ്ട്.

വരട്ടെ മലപ്പുറത്തൊരു മാറക്കാന; ഒരു ലക്ഷം പേ‍ര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം വേണമെന്ന് ആവശ്യം