Santosh Trophy: പയ്യനാട് ആരാധകക്കടലാകും; സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് കേരളം നാളെ ബൂട്ട് കെട്ടും
നാളത്തെ സെമിഫൈനലിനൊരുങ്ങുന്ന കേരളത്തിന് ആശ്വാസ വാർത്തയുണ്ട്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ (Santosh Trophy) ഫൈനൽ ലക്ഷ്യമിട്ട് കേരളം നാളെയിറങ്ങും. കർണാടകയാണ് (Kerala vs Karnataka) എതിരാളികൾ. രാത്രി എട്ടരയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് (Manjeri Payyanad Stadium) സെമി. ഒറ്റക്കളിയും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളം സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് കർണാടക. മണിപ്പൂർ രണ്ടാം സെമിയിൽ വെള്ളിയാഴ്ച ബംഗാളിനെ നേരിടും.
നാളത്തെ സെമിഫൈനലിനൊരുങ്ങുന്ന കേരളത്തിന് ആശ്വാസ വാർത്തയുണ്ട്. ഗോൾകീപ്പർ മിഥുൻ പരിശീലനം തുടങ്ങി. സെമിയിൽ കളിക്കുമെന്ന് മിഥുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലക്ഷ്യം കിരീടം മാത്രമെന്ന് മിഥുന്‍ പറയുന്നു. ടീം സർവ്വസജ്ജം. പകരക്കാരും മികച്ച ഫോമിൽ. കാണികളുടെ പിന്തുണ കരുത്താവുമെന്നും മിഥുൻ വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്.
രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.
Santosh Trophy: സന്തോഷ് ട്രോഫി: സെമി ലൈനപ്പായി, കേരളത്തിന് എതിരാളികള്‍ കര്‍ണാടക