പച്ചപ്പുല്ലിന് തീപ്പിടിക്കുമ്പോൾ കാണാതിരിക്കുന്നതെങ്ങനെ...സന്തോഷ് ട്രോഫി മത്സരങ്ങളിലേക്ക് ഇരച്ചെത്തി മലപ്പുറത്തെ കാണികള്‍...

മലപ്പുറം: 'football is freedom ' എന്ന വാക്കിന്‍റെ ഉടമയാണ് ജമൈക്കൻ ഗായകൻ റൊബർട്ട് വെസ്റ്റ മർലി എന്ന ബോബ് മാർലി. അക്ഷരാർഥത്തിൽ ഫുട്ബോളിനെ നെഞ്ചേറ്റുന്നവർ ഈ വാക്കുകൾ കേൾക്കാതിരുന്നിട്ടുണ്ടാകില്ല. അതെ കാൽപ്പന്ത് കളി ഒരു സ്വാതന്ത്ര്യമാണ്. അടിച്ചമർത്തപ്പെട്ടവരുടെ കളിയഴകായിരുന്നു അത്. നിറത്തിന്‍റെ പേരിൽ മാറ്റിനിർത്തപ്പെട്ടവരുടെ പ്രതികാരമായിരുന്നു. കറുപ്പെന്നോ വെളുപ്പെന്നോ ഏഷ്യക്കാരനെന്നോ യൂറോപ്യൻ വംശജനെന്നോ മാറ്റി നിർത്തപ്പെടാൻ കഴിയാത്ത മനോഹരമായ കളി, അത് ഫുട്ബോൾ മാത്രമാണ്. വീണ്ടും പറയട്ടെ 'ഫുട്ബോൾ ഈസ് ഫ്രീഡം'.

ബ്രസീലെന്ന നാട് നോക്കൂ... ലോക ഭൂപടത്തിൽ സ്വന്തമായി പറയാനുള്ളത് കാൽപ്പന്ത് കളി മാത്രമാണ് അതിന്‍റെ ജീവനാഡിയിൽ അലിഞ്ഞുചേർന്നിരിക്കുന്നത് കാൽപ്പന്ത് കളിയുടെ മനോഹാരിത. ശ്വസിക്കുന്ന വായുവിലും കാണുന്ന കാഴ്ചയിലും ഫുട്ബോൾ മാത്രം. പത്ത് പേർ നാടിനായി പോരാടുമ്പോൾ പതിനൊന്നാമൻ നാടിന്‍റെ കാവൽക്കാരനാകുന്നു. പന്ത്രണ്ടാമനായി ഗ്യാലറിയിൽ തിങ്ങിനിറയുന്ന ആരാധകരും. ഫുട്ബോൾ ദൈവമെങ്കിൽ ദൈവത്തിന്‍റെ മാലാഖമാരാണ് കാണികൾ. ഫുട്‌ബോൾ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കിൽ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. ഇതിഹാസങ്ങൾ പന്തുതട്ടിത്തെറിപ്പിച്ച മണ്ണ്. അതുപോലെ തന്നെ മലപ്പുറത്തുകാരുടെ മാറക്കാനയാണ് മഞ്ചേരിയിലെ പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം. ഇന്ത്യയിലെ കൊച്ചു ബ്രസീലാണ് മലപ്പുറം. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഭൂപ്രദേശങ്ങൾ കാണാൻ കഴിയില്ല. ഒട്ടുമിക്ക സ്ഥലത്തും രണ്ട് പോസ്റ്റുകളുണ്ടാകും. രാവിലെയും വൈകുന്നേരവും അതിൽ മതിമറന്ന് പന്തുകളിക്കുന്ന കൗമാരക്കാരും. കളി ചുമ്മാ കണ്ടിരിക്കാനും തന്‍റെ കുട്ടിക്കാലം ഓർത്തെടുക്കാനും ചുറ്റും കൂടുന്ന വൃദ്ധജനങ്ങളും. ഈ നാടിന്‍റെ മാത്രം പ്രത്യേകതയാണിത്. 

കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മലപ്പുറത്തിന്‍റെ മണ്ണിൽ സന്തോഷ് ട്രോഫി വിരുന്നെത്തിയത്. വാർത്ത അറിഞ്ഞ ഉടനെ കളി കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു മലപ്പുറത്തുകാർ. കൊവിഡ് ഭീതിക്കിടയിൽ രണ്ട് തവണ കളി മാറ്റിവെച്ചു. മത്സരം നടക്കാൻ പോകുന്നത് റമദാൻ മാസത്തിലാണെന്നറിഞ്ഞതോടെ പലരുടെയും മുഖം വാടി. എന്നാൽ ആ വാട്ടമൊന്നും മത്സരം തുടങ്ങിയപ്പോഴുണ്ടായില്ല. പതിനായിരങ്ങളാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കേരളത്തിന്‍റെ മത്സരം വീക്ഷിക്കാനെത്തിയത്. രാജസ്ഥാനെതിരെ നടന്ന ആദ്യമത്സരത്തിൽ കാഴ്ചക്കാരായി എത്തിയത് 28,319 ആരാധകർ. ചിരവൈരികളായ ബംഗാളിനെതിരെ നടന്ന രണ്ടാം മത്സരത്തിനെത്തിയത് 23,180 പേരും. ഇന്നലെ മേഘാലയക്കെതിരെ നടന്ന മൂന്നാമത്തെ മത്സരത്തിനെത്തിയത് 17,523 പേരുമാണ്. കേരളത്തിന്‍റെ മൂന്ന് മത്സരങ്ങൾക്കായി പയ്യനാട്ടെ പച്ചപ്പുല്ലിലേക്ക് ആകെ എത്തിയത് 69,142 പേർ. 

പയ്യനാട് നടന്ന മണിപ്പൂർ-സർവീസസ് മത്സരത്തിന് 4,500 കാണികളും മണിപ്പൂർ-ഒഡിഷ മത്സരത്തിന് 1216 പേരും കളി കാണാനെത്തി. അഞ്ച് കളികളിൽ നിന്നായി പയ്യനാട് മാത്രമെത്തിയത് 74,858 പേരാണ്. കോട്ടപ്പടിയിൽ നടന്ന വെസ്റ്റ് ബംഗാൾ-പഞ്ചാബ് മത്സരം കാണാനെത്തിയത് 1500, ഒഡിഷ-കർണാടക 1400, രാജസ്ഥാൻ-മേഘാലയ 1500, പഞ്ചാബ്-രാജസ്ഥാൻ 325 എന്നിങ്ങനെയാണ് കണക്ക്. മൊത്തം 5861 പേർ കോട്ടപ്പടിയിലെത്തി കളി കണ്ടു. കോട്ടപ്പടിയിലേയും പയ്യനാട്ടേയും കണക്കുകൾ നോക്കിയാൽ 80,719 പേരാണ് മത്സരം നേരിൽ കാണാനെത്തിയത്. കൂടാതെ ഫേസ്ബുക്ക് ലൈവിൽ പതിനായിരങ്ങൾ വേറെയും. ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത് മലപ്പുറം എത്രമാത്രം ഫുട്ബോളിനെ പ്രണയിക്കുന്നുവെന്നാണ്. 

പച്ചപ്പുല്ലിന് തീപിടിക്കുമ്പോൾ അത് കാണാതിരിക്കാൻ ഇവർക്കെങ്ങനെ കഴിയും...? നോമ്പെടുത്താണ് പലരും സ്റ്റേഡിയത്തിലെത്തുന്നത്. നോമ്പ് തുറക്കുന്നതും നമസ്‌കരിക്കുന്നതും സ്റ്റേഡിയത്തിൽവെച്ച് തന്നെ. കൊച്ചു കുട്ടികൾ മുതൽ തലമുതിർന്നവർ വരെ കളിക്കമ്പക്കാരാകുന്നു. ഓരോ കളിയും കളിക്കാരനെയും വ്യക്തമായി വിലയിരുത്തുന്നു. ഒരുപക്ഷെ ഇന്ത്യയിൽ തന്നെ അപൂർവമായിരിക്കും ഈ കാഴ്ച.

ഗ്യാലറിയില്‍ നോമ്പ് തുറന്ന് മലപ്പുറത്തുകാര്‍; ഖല്‍ബിലാണ് ഫുട്ബോള്‍, മൊഹബത്താണ് കാല്‍പ്പന്തിനോട്