കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍  ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. കോഴിക്കോട്ട് നടന്ന ആദ്യ മത്സരത്തില്‍, ആന്ധ്രപ്രദേശിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്. എമിൽ ബെന്നി രണ്ടും ബിന്‍ തോമസ്, ലിയോൺ അഗസ്റ്റിന്‍ , ഷിഹാദ് എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി. ശനിയാഴ്ച തമിഴ്നാടിനെ തോൽപ്പിച്ചാൽ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാം.

കരുതലോടെ തുടങ്ങിയ കേരളം ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ കോര്‍ണറില്‍ നിന്ന് വിപിന്‍ തോമസ് ആണ് കേരളത്തെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ ലഭിച്ച പെനല്‍റ്റി ഗോളാക്കി ലിയോണ്‍ അഗസ്റ്റിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ എമിൽ ബെന്നി കേരളത്തിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോള്‍ നേടി. പിന്നാലെ എമിലിന്റെ രണ്ടാം ഗോളുമെത്തി. കളി അവസാനിക്കും മുമ്പ് ഷിഹാദിലൂടെ കേരളം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.