മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലെ മൂന്ന് പ്രമുഖ താരങ്ങള്‍ ക്ലബ്ബുകളിലേക്ക് പോയതോടെ പകരക്കാരെ തിരയുകയാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്എ). ഫെബ്രുവരി ആദ്യ ആഴ്ച മിസോറാമില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി കേരളാ പ്രീമിയര്‍ ലീഗില്‍നിന്നും അന്തര്‍ സര്‍വ്വകലാശാല ടൂര്‍ണമെന്റില്‍നിന്നുമായി ഇവരുടെ പകരക്കാരെ കണ്ടെത്താനാണ് കെഎഫ്എയുടെ ലക്ഷ്യമിടുന്നത്.  

വിങ്ങര്‍ ലിയോണ്‍ അഗസ്റ്റിൻ ബംഗളൂരു എഫ്.സി. സീനിയര്‍ ടീമിലേക്കും പ്രതിരോധ നിരക്കാരായ അജിൻ ടോം ഇന്ത്യൻ ആരോസിലേക്കും ജിഷ്ണു ബാലകൃഷ്ണൻ ചെന്നൈ സിറ്റിയിലേക്കുമാണ് പോയത്. സൂപ്പര്‍ ലീഗ്, ഐ ലീഗ് ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് സന്തോഷ് ട്രോഫിയില്‍ കളിക്കാനാവില്ലെന്നാണ് ചട്ടം. ഇതോടെ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോച്ച് ബിനോ ജോര്‍ജ്ജും കേരള ഫുട്ബോള്‍‍ അസോസിയേഷനും.

ഈ മാസം 15 മുതല്‍ കേരളാ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് തുടങ്ങുകയാണ്. പിന്നാലെ അന്തര്‍ സര്‍വ്വകലാശാല ഫുട്ബോള്‍ മത്സരങ്ങളും. രണ്ട് മാസം നീണ്ട ക്യാമ്പിന് ശേഷമായിരുന്നു സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിനിടെ മുൻനിര ക്ലബ്ബുകളിലേക്ക് അവസരം കിട്ടി താരങ്ങള്‍ പോകുന്നത് തടയണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നു. കളിക്കാരുടെ ഭാവിക്കാണ് പ്രാധാന്യമെന്നതിനാല്‍ അത്തരം തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ നിലപാട്.