ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്


എറണാകുളം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള കേരള ടീമിനെ ഈ മാസം മുപ്പതിന് പ്രഖ്യാപിക്കും. ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 

അടുത്തമാസം അഞ്ച് മുതല്‍ പത്ത് വരെയാണ് ദക്ഷിണമേഖല യോഗ്യത റൗണ്ട്. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലങ്കാന എന്നീ ടീമുകളാണ് ദക്ഷിണ മേഖലയില്‍. ആന്ധ്രയും തമിഴ്നാടും ഉള്‍പ്പെടുന്ന എഗ്രൂപ്പിലാണ് കേരളം. കേരളവും ആന്ധ്രയും തമ്മിലാണ് ആദ്യ കളി. നാല് മണിക്കാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

രണ്ട് മാസമായി കേരള ടീം പരിശീലനത്തിലാണ്. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്താണ് ക്യാമ്പ്. മുപ്പതിന് എറണാകുളത്ത് അന്തിമ ടീമിനെ പ്രഖ്യാപിക്കും. മുപ്പത്തൊന്ന് മുതല്‍ ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റും. 2017ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ കേരളം കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു.ഇത്തവണ മികച്ച ടീമുമായി കിരീടം തിരിച്ചു പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.