ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സർവിസസും കര്‍ണാടകയും തമ്മിൽ രണ്ടാം സെമിയിൽ മാറ്റുരക്കും.

റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുക്കം പൂർത്തിയാക്കി സൗദി അറേബ്യ. സൗദി തലസ്ഥാന നഗരമായ റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് മത്സരത്തിന് വിസിൽ മുഴങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിയിലെത്താതെ പുറത്തായെങ്കിലും വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ്‌ ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിന്‍റെ ഭാഗമാകാൻ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ. പഞ്ചാബ് -മേഘാലയ, സർവിസസ് -കർണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ പുതുചരിത്രത്തിന്‍റെ ആരവമുയർത്തുക.

മത്സരത്തിൽ പങ്കെടുക്കാനായി പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സർവിസസും കര്‍ണാടകയും തമ്മിൽ രണ്ടാം സെമിയിൽ മാറ്റുരക്കും.

ലൂസേഴ്‌സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉൾപ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സിൽവർ കാറ്റഗറിക്ക് 150 റിയാലും ഗോൾഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകൾ. ticketmax.com എന്ന വെബ്സൈറ്റ് / ആപ്പ് വഴി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.