Asianet News MalayalamAsianet News Malayalam

Santosh Trophy: ഒഡീഷയെ തകര്‍ത്ത് സര്‍വീസസ്, സെമിയില്‍ കേരളത്തിന്‍റെ എതിരാളികളെ അറിയാന്‍ കാത്തിരിക്കണം

രാത്രി 8.00 മണിക്ക് നടക്കുന്ന കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ഗുജറാത്തിനെ 4 ഗോളിന് പരാജയപ്പെടുത്തിയാല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം.

Santosh Trophy: Services beat Odisha 2-0
Author
malappuram, First Published Apr 25, 2022, 7:18 PM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍(Santosh Trophy)കിട്ടിയ അവസരം സര്‍വീസസ് കൃത്യമായി ഉപയോഗിച്ചു. സെമി ഫൈനല്‍ സ്വപ്‌നവുമായി ഇറങ്ങിയ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി സര്‍വീസസ്. ഇതോടെ ഒഡീഷയുടെ സെമി ഫൈനല്‍ യോഗ്യത പരുങ്ങലിലായി. രാത്രി 8.00 മണിക്ക് നടക്കുന്ന കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ഗുജറാത്തിനെ 4 ഗോളിന് പരാജയപ്പെടുത്തിയാല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം.

ആദ്യ പകുതിയില്‍ ഉണര്‍ന്നു കളിച്ച ഒഡീഷക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ മത്സരം വീണ്ടെടുത്ത സര്‍വീസസ് രണ്ട് ഗോള്‍ നേടി. സർവീസസിനു വേണ്ടി  ക്യാപ്റ്റന്‍ വിവേക് കുമാര്‍ ,നിഖില്‍ ശര്‍മ എന്നിവരാണ് ഓരോ ഗോള്‍വീതം നേടിയത്.

ആദ്യ പകുതി

സെമി യോഗ്യതയ്ക്ക് സമനില മതിയായിരുന്നു ഒഡീഷ അത് ലക്ഷ്യമിട്ടായിരുന്നു. ഇറങ്ങിയത്.  3 ാം മിനുട്ടില്‍ തന്നെ ഒഡീഷ്യക്ക് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ ചന്ദ്രമുദുലി ബോക്‌സിലേക്ക് ഉയര്‍ത്തി ഒരു ക്രോസ് നല്‍കിയെങ്കിലും സ്വീകരിക്കാന്‍ ആളുണ്ടായിരുന്നില്ല. 10 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മികച്ച ഒരു ടേണ്‍ നടത്തി ഒഡീഷ്യന്‍ മധ്യനിര താരം അര്‍പന്‍ ലാക്ര പോസ്റ്റിലേക്ക് അടിച്ചു. ഈ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച സര്‍വീസസ് ഗോള്‍കീപ്പര്‍ സുബജിത്ത് ബസു ഷോട്ട് പിടിച്ചെടുത്തു.

13 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോക്‌സിലേക്ക് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ കാര്‍ത്തിക് ഹന്‍തല്‍ ഷോട്ട് എടുക്കും മുമ്പേ സര്‍വീസസ് പ്രതിരോധ താരം സോതന്‍പൂയ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇരുടീമുകളും ഇടവേളയില്‍ ഓരോ അറ്റാകിങ് നടത്തിയെങ്കിലും അതൊന്നും ഇരുടീമുകളുടെയും പ്രതിരോധത്തെ മറികടക്കാനായില്ല. 40 ാം മിനുട്ടില്‍ ഒഡീഷക്ക് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് കാര്‍തിക് ഹന്‍തല്‍ ചന്ദ്രമുദലിയെ ലക്ഷ്യമാക്കി നല്‍കിയ പാസ് ബോക്‌സിന് അകത്ത് നിന്ന് സര്‍വീസസ് ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. തുടര്‍ന്ന് ഗോള്‍കീപ്പറില്ലാത്ത പോസ്റ്റ് ലക്ഷ്യമാക്കി കാര്‍തിക് അടിച്ച പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

രണ്ടാം പകുതി

ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയില്‍ കാണാന്‍ സാധിച്ചില്ല. 57 ാം മിനുട്ടില്‍ സര്‍വീസസിന് അവസരം ലഭിച്ചു. ഇടത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് ഡാനിഷ് കട്ട് ചെയ്ത് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. 74 ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് മലയാളി പ്രതിരോധ താരം സുനില്‍ വലത് കാലുകൊണ്ട് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍ക്കിയ ക്രോസ് രണ്ട് ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ഇടയില്‍ നിന്ന് സര്‍വീസസ് ക്യാപ്റ്റന്‍ വിവേക് കുമാര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു.

82 ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ സുനില്‍ ബോക്‌സിന് അകത്ത് നിന്ന് പേസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിക്കവേ ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ദേഹത്ത് തട്ടിതെറിച്ച പന്ത്  നിഖില്‍ ശര്‍മ ഗോളാക്കി മാറ്റുകയായിരുന്നു.

Follow Us:
Download App:
  • android
  • ios