Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഫുട്ബോള്‍ വിരുന്ന്; സന്തോഷ് ട്രോഫി സൗദിയിലേക്ക്

മലപ്പുറത്ത് നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളം ആണ് ജേതാക്കളായത്

Santosh Trophy set to be held in Saudi Arabia in February 2023
Author
First Published Oct 7, 2022, 9:38 AM IST

റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കടല്‍ കടക്കുന്നു. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് ആലോചിക്കുന്നത്. ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഫെബ്രുവരിയിലാകും സൗദിയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ വളര്‍ച്ചയാണ് ഇതെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേയുടെ വാക്കുകള്‍. കരാറിലെത്തിയ സൗദി ഫുട്ബോൾ ഫെഡറേഷന് എഐഎഫ്‌എഫ് നന്ദി അറിയിച്ചു. 

യുവതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ ഫുട്ബോളുമായി ബന്ധപ്പെടാനും ടൂര്‍ണമെന്‍റിലൂടെ അവസരം ലഭിക്കുമെന്ന് എഐഎഫ്‌എഫ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മലപ്പുറത്ത് നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളം ആണ് ജേതാക്കളായത്. 

മലപ്പുറത്തെ 'സന്തോഷ ട്രോഫി'

പയ്യനാട് സ്റ്റേഡിയത്തിലെ ആവേശ ഫൈനലില്‍ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു. അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്‍റില്‍ ഒരു കളി പോലും തോൽക്കാതെയായിരുന്നു ബിനോ ജോർജിന്‍റെ പരിശീലനത്തില്‍ കേരളത്തിന്‍റെ കിരീടധാരണം. കേരള നായകന്‍ ജിജോ ജോസഫായിരുന്നു കഴിഞ്ഞ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 1993ൽ കൊച്ചിയിൽ കുരികേശ് മാത്യുവിന്‍റെ സംഘം ചാമ്പ്യന്മാരായതിന് ശേഷം സ്വന്തം മണ്ണിൽ കേരളത്തിന്‍റെ ആദ്യ കിരീടമാണിത്. 

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോള്‍വലയെ ചുംബിച്ചു. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.

വീണ്ടും കൊച്ചിയില്‍ ഐഎസ്എല്‍ ആവേശം; ഒൻപതാം സീസണ് ഇന്ന് കിക്കോഫ്

Follow Us:
Download App:
  • android
  • ios