12-ാം മിനുറ്റില്‍ ക്രിസ്റ്റ്യൻ ടെല്ലോയിലൂടെ ഫത്തേ സ്കോറിംഗിന് തുടക്കമിട്ടു

റിയാദ്: സൗദി അറേബ്യൻ ലീഗിലെ ആദ്യ ഗോളിലൂടെ അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇഞ്ചുറിടൈമിൽ പെനാൽറ്റിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. അൽ നസ്റും അൽ ഫത്തേയും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. 

12-ാം മിനുറ്റില്‍ ക്രിസ്റ്റ്യൻ ടെല്ലോയിലൂടെ ഫത്തേ സ്കോറിംഗിന് തുടക്കമിട്ടു. ഇടവേളയ്ക്ക് തൊട്ടുമുൻപ് 42-ാം മിനുറ്റില്‍ ടാലിസ്കയിലൂടെ അൽ നസ്ർ ഒപ്പമെത്തി. അൻപത്തിയെട്ടാം മിനിറ്റിൽ ഫത്തേ വീണ്ടും ലീഡെടുത്തു. 58-ാം മിനുറ്റില്‍ സോഫിയനായിരുന്നു സ്കോറർ. അൽ നസ്ർ തുടർച്ചയായ രണ്ടാം തോൽവി ഉറപ്പിച്ചിരിക്കേയാണ് റൊണാൾഡോ പെനാൽറ്റിയിലൂടെ സമനില നേടിയത്. 90+3 മിനുറ്റിലായിരുന്നു സൗദിയിലെ ആരാധകരെ ത്രസിപ്പിച്ച് റോണോയുടെ ഗോള്‍. ലോംഗ് വിസിലിന് തൊട്ടുമുൻപ്(90+5) ടാലിസ്‌ക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അൽ നസ്റിന് തിരിച്ചടിയായി. 15 കളിയിൽ 34 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അൽ നസ്ർ.

Scroll to load tweet…

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി ക്ലബുകള്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കരീം ബെൻസേമ, ലൂക്ക മോഡ്രിച്ച്, സെർജിയോ റാമോസ് തുടങ്ങിയവരെയാണ് സൗദി ക്ലബുകൾ നോട്ടമിട്ടിരിക്കുന്നത് എന്നാണ് സ്‌പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ മിഡില്‍ ഈസ്റ്റ് ഫുട്ബോള്‍ വിപ്ലവത്തിനാകും സാക്ഷ്യംവഹിക്കുക. ഈ സീസണോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിക്കുന്ന ബെൻസേമയ്ക്കും മോഡ്രിച്ചിനും വളരെ ഉയ‍ർന്ന പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

Scroll to load tweet…

പിഎസ്‌ജിയുടെ സെർജിയോ റാമോസ്, ബാഴ്സലോണയുടെ സെർജിയോ ബുസ്‌കറ്റ്സ് എന്നിവരെയും സൗദി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. നിലവിൽ കിട്ടുന്നതിന്‍റെ ഇരട്ടി പ്രതിഫലമാണ് ഇരുവർക്കും നൽകിയിരിക്കുന്ന വാഗ്‌ദാനം. ലോക റെക്കോർഡ് പ്രതിഫലത്തിനാണ് റൊണാൾഡോയെ അൽ നസ്ർ സൗദി ലീഗിൽ എത്തിച്ചിരിക്കുന്നത്.

സൗദി സൂപ്പര്‍ താരങ്ങളുടെ പറുദീസയാകുമോ? ബെന്‍സേമയും മോഡ്രിച്ചും റാമോസും ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്