ഖത്തറിലെ ന്യൂസ് ചാനലായ അല്‍ ഖാസ് ടിവിയിലെ മാധ്യമ പ്രവര്‍ത്തകനാണ് ഖാലിദ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അമേരിക്കന്‍ ഫുട്ബോള്‍ എഴുത്തുകാരനായ ഗ്രാന്‍ഡ് വാല്‍ അന്തരിച്ചതിന് പിന്നാലെയാണ് ഖാലിദിന്‍റെ മരണവാര്‍ത്തയെത്തുന്നത്.

ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ടിംഗിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി അന്തരിച്ചു. ദോഹയില്‍ ലോക കപ്പ് റിപ്പോര്‍ട്ടിംഗിനിടെയാണ് ഖത്തര്‍ സ്വദേശിയായ ഫോട്ടോ ജേണലിസ്റ്റ് ഖാലിദ് അല്‍ മിസ്സ്ലാം ശനിയാഴ്ച അന്തരിച്ചത്. പെട്ടന്നുള്ള അന്ത്യമെന്നാണ് ഖാലിദിന്‍റെ മരണത്തേക്കുറിച്ച് ഗള്‍ഫ് ടൈംസ് അടക്കമുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഖത്തറിലെ ന്യൂസ് ചാനലായ അല്‍ ഖാസ് ടിവിയിലെ മാധ്യമ പ്രവര്‍ത്തകനാണ് 43കാരനായ ഖാലിദ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അമേരിക്കന്‍ ഫുട്ബോള്‍ എഴുത്തുകാരനായ ഗ്രാന്‍ഡ് വാല്‍ അന്തരിച്ചതിന് പിന്നാലെയാണ് ഖാലിദിന്‍റെ മരണവാര്‍ത്തയെത്തുന്നത്. ഖാലിദിന്‍റെ മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

Scroll to load tweet…

പ്രസ് ബോക്‌സില്‍ കുഴഞ്ഞുവീണ വാലിന് പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ പ്രമുഖ ഫുട്ബോള്‍ ലേഖകരില്‍ ഒരാളാണ് ഗ്രാന്‍ഡ് വാല്‍. 

ലുസൈല്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ മുറിയില്‍ ഗ്രാന്‍ഡ് വാല്‍ ഇരിപ്പിടത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുവച്ചു തന്നെ സഹ മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ഉടനടി പ്രഥമ ശുശ്രൂഷ നല്‍കി. പിന്നാലെ ഹമാദ് ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റി. എങ്കിലും ഗ്രാന്‍ഡ് വാലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

തന്‍റെ കായിക മാധ്യമപ്രവര്‍ത്തന കരിയറിലെ എട്ടാം ലോകകപ്പിനായാണ് ഗ്രാന്‍ഡ് വാല്‍ ഖത്തറിലെത്തിയത്. ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തന്‍റെ വെബ്‌സൈറ്റില്‍ ഗ്രാന്‍ഡ് മുമ്പ് എഴുതിയിരുന്നതായാണ് ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്