പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഈജിപ്തിനെയാണ് സെനഗല്‍ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല.

യൗണ്ടേ: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (Africa Cup of Nations) ഫുട്‌ബോള്‍ കിരീടം സെനഗലിന് (Senagal). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഈജിപ്തിനെയാണ് സെനഗല്‍ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. സെനഗലിന്റെ ആദ്യ ആഫ്രിക്കന്‍ കപ്പാണിത്.

ലിവര്‍പൂള്‍ മുന്നേറ്റനിരയിലെ സഹതാരങ്ങളായ മുഹമ്മദ് സലായും സാദിയോ മാനേയും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഇരുടീമും ഒന്നിനൊന്ന് പോരാടിയെങ്കിലും ഗോള്‍മാത്രം വീണില്ല. ഏഴാം മിനിറ്റില്‍ പെനാല്‍റ്റി പാഴാക്കിയ മാനേയാണ് നാലാം കിക്കെടുത്ത് സെനഗലിന് ആഫ്രിക്കന്‍ കപ്പില്‍ ആദ്യ കിരീടം നേടിക്കൊടുത്തത്. 

ഈജിപ്തിനായി രണ്ടാം പെനാല്‍ട്ടി എടുത്ത അബ്ദല്‍ മോനത്തിന്റെ പെനാല്‍ട്ടി പോസ്റ്റില്‍ ഇടിച്ചു മടങ്ങിയതോടെ സെനഗലിന് മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ അടുത്തത് ആയി സെനഗലിന് ആയി പെനാല്‍ട്ടി എടുത്ത ബൗന സാറിന്റെ പെനാല്‍ട്ടി ഗബാസ്‌കി രക്ഷപ്പെടുത്തി.

പകരക്കാരന്‍ ആയി ഇറങ്ങിയ ലഹീമിന്റെ പെനാല്‍ട്ടി രക്ഷിച്ച മെന്റി മാനെക്ക് കിരീടം ജയിക്കാനുള്ള അവസരം നല്‍കി. മൂന്നുഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കിയ സാദിയോ മാനേയാണ് ടൂര്‍ണമെന്റിലെ താരം.