മാനെയെ മുന്‍നിര്‍ത്തിയാണ് സെനഗല്‍ കോച്ച് അലിയോ സിസെ ടീമിനെ ഒരുക്കിയിരുന്നത്. മാനെയുടെ അഭാവം ടീമിനെ ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഖത്തര്‍ ലോകകപ്പില്‍ കളി മികവുകൊണ്ട് അടയാളപ്പെടുത്തിയാകും സെനഗല്‍ ഇത്തവണ മടങ്ങുകയെന്ന് കഴിഞ്ഞ ദിവസം  കോച്ച് സിസെ പറഞ്ഞിരുന്നു.

ദകാര്‍: ഖത്തര്‍ ലോകകപ്പിന് ഒരുങ്ങുന്ന ആഫ്രിക്കന്‍ ചാംപ്യന്‍മാരായ സെനഗലിന് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനേയ്ക്ക് ലോകകപ്പ് നഷ്ടമാവും. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടന്നാണ് സൂപ്പര്‍താരത്തിന് ലോകകപ്പ് നഷ്ടമാവുക. ബുണ്ടസ് ലീഗയില്‍ വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തിനിടെയാണ് ബയേണ്‍ മ്യൂണിക്ക് താരമായ മാനേയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കിന് തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് മാനെ. രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാനെയെ മുന്‍നിര്‍ത്തിയാണ് സെനഗല്‍ കോച്ച് അലിയോ സിസെ ടീമിനെ ഒരുക്കിയിരുന്നത്. മാനെയുടെ അഭാവം ടീമിനെ ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഖത്തര്‍ ലോകകപ്പില്‍ കളി മികവുകൊണ്ട് അടയാളപ്പെടുത്തിയാകും സെനഗല്‍ ഇത്തവണ മടങ്ങുകയെന്ന് കഴിഞ്ഞ ദിവസം കോച്ച് സിസെ പറഞ്ഞിരുന്നു. 2002 ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച ചരിത്രമാകും ഇത്തവണയും സെനഗലിന് ആവേശമാവുക എന്നും സിസെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ വന്‍കരയുടെ കിരീടമുയര്‍ത്തിയ സംഘവുമായാണ് സിസെ ഖത്തറിലെത്തുന്നത്. അതില്‍ പ്രധാനി മാനെയായിരുന്നു. സൂപ്പര്‍താരത്തിന്റെ പരിക്ക്, ക്യാപ്റ്റന്‍ കൗലിബാലി, ഇന്ദ്രിസിയ ഗ്വിയെ, മെന്‍ഡി എന്നിവരെ വലിയ രീതിയില്‍ ദുര്‍ബലപ്പെടുത്തുമെന്ന് ഉറപ്പ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും നെതര്‍ലന്‍ഡ്സുമാണ് സെനഗലിന്റെ എതിരാളികള്‍.

തിരിച്ചടി അര്‍ജന്റീനയ്ക്കും

ഖത്തറില്‍ കിരീടമോഹവുമായി ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായത് മധ്യനിരതാരം ജിയോവാനി ലോ സെല്‍സോയുടെ പരിക്കാണ്. സൊല്‍സോയ്ക്ക് പകരക്കാരനായി ആരെ കോച്ച് ലിയോണല്‍ സ്‌കലോനി ഇറക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അര്‍ജന്റീനയെ കോപ്പ അമേരിക്ക, ഫൈനലിസിമ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്റെ നെടുംതൂണുകളിലൊന്നാണ് ജിയോവാനി ലോ സെല്‍സോ. 

മൈതാനത്തിന്റെ വലത് വശം ലിയോണല്‍ മെസി എങ്ങനെ കളി നിയന്ത്രിക്കുന്നോ അതാണ് ഇടത് വശത്ത് ലൊ സെല്‍സോ ചെയ്തിരുന്നത്. മെസിയെ എതിരാളികള്‍ പൂട്ടുന്‌പോള്‍ പകരം ഗോളിലേക്ക് വഴി തുറന്നിരുന്നത് ലൊ സെല്‍സോ ആയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയെന്ന റെക്കോര്‍ഡ് ഇതിന് സാക്ഷ്യം. ഡിപോള്‍ പരഡേസ് ലൊ ത്രയത്തില്‍ ഏറെ പ്രതീക്ഷ വച്ചിരുന്ന കോച്ച് ലയണല്‍ സ്‌കലോനിക്ക് പദ്ധതികളില്‍ ഏറെ മാറ്റം വരുത്തേണ്ട ഗതികേടാണിപ്പോള്‍.