പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് (Qatar World Cup) അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരനായ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.
ബ്യൂണസ് ഐറിസ്: ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സെര്‍ജിയോ അഗ്യൂറോ (Sergio Aguero) വീണ്ടും അര്‍ജന്റൈന്‍ ടീമിലേക്ക്. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് (Qatar World Cup) അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരനായ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ലാലീഗയില്‍ (La Liga) അലാവസനെതിരായ മത്സരത്തിനിടെ ശ്വാസതടസ്സം നേരിട്ട ബാഴ്‌സലോണ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതര രോഗമാണെന്ന് കണ്ടെത്തിയത്.
ചികിത്സയ്ക്കുശേഷം കണ്ണീരോടെ ബൂട്ടഴിച്ച അഗ്യൂറോ വീണ്ടും ഫുട്‌ബോളിലേക്ക് തിരിച്ചെത്തുകയാണ്. ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ താനുണ്ടാവുമെന്ന് അഗ്യൂറോ പറഞ്ഞു. കോച്ച് ലിയോണല്‍ സ്‌കലോണിയുമായും അര്‍ജന്റൈന്‍ ഫുട്‌ബോള അസോസിയേഷനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അഗ്യൂറോ അറിയിച്ചു.
1986ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. നീലപ്പട ഇതുവരെ തൊല്‍വിയും അറിഞ്ഞിട്ടില്ല. കോപ്പ അമേരിക്ക നേടിയ അംഗമായിരുന്ന അഗ്യൂറോ അര്‍ജന്റീനയ്ക്കുവേണ്ടി 101 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡിയന്റേ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ ക്ലബുകള്‍ക്കായി 786 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അഗ്യൂറോ 427 ഗോള്‍ സ്വന്തം പേരിനൊപ്പം കുറിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ആഗ്യൂറോ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരവുമാണ്. അഗ്യുറോ സിറ്റിക്കായി 257 കളിയില്‍ 184 ഗോളാണ് നേടിയത്.
