Asianet News MalayalamAsianet News Malayalam

Sergio Aguero | ഹൃദ്രോഗം: സെർജിയോ അഗ്യൂറോ വിരമിക്കുന്നതായി റിപ്പോര്‍ട്ട്

കളിക്കളത്തിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സലോണ മാനേജ്മെന്‍റിനെ അറിയിച്ചുവെന്ന് സൂചനകള്‍

Sergio Aguero to retire from football due to heart problems report
Author
Barcelona, First Published Nov 21, 2021, 10:08 AM IST

ബാഴ്‌സലോണ: അർജന്‍റൈൻ താരം സെർജിയോ അഗ്യൂറോ(Sergio Aguero) ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഹൃദ്രോഗത്തെ തുടർന്നാണ് ബാഴ്‌സ താരത്തിന്‍റെ വിരമിക്കൽ തീരുമാനം. മാഞ്ചസ്റ്റർ സിറ്റിയിൽ(Manchester City) നിന്ന് ഈ സീസണില്‍ ബാഴ്‌സലോണയിൽ(Barcelona FC) എത്തിയ അഗ്യൂറോ അലാവസിനെതിരായ മത്സരത്തിലാണ് നെഞ്ചുവേദനയെ തുട‍ർന്ന് പിൻവാങ്ങിയത്. വിശദപരിശോധനയിൽ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തുകയായിരുന്നു.

കളിക്കളത്തിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സലോണ മാനേജ്മെന്‍റിനെ അറിയിച്ചുവെന്നും താരം അടുത്തയാഴ്‌ച മാധ്യമങ്ങളെ കാണുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്‌തു. 

ലിയോണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ അദേഹത്തിന്‍റെ കൂടെ നിര്‍ബന്ധത്തിലാണ് മാ‍ഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്‍റെ തുടക്കത്തിൽ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഡോക്‌ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അഗ്യൂറോ മുമ്പ് ട്വീറ്റ് ചെയ്‌തിരുന്നു. പരിശോധനയും ചികിത്സയും തുടരും. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു. സീസണില്‍ ഒരേയൊരു ഗോളാണ് അഗ്യൂറോ ബാഴ്സ കുപ്പായത്തില്‍ നേടിയത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണില്‍ അഗ്യൂറോ 90 മിനിറ്റും ബാഴ്സയില്‍ കളിച്ചത്.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ജീവശ്വാസത്തിന്‍റെ മറുപേരായിരുന്നു ഒരുകാലത്ത് സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ക്ലബിന്‍റെ ആദ്യ കിരീടം അഗ്യൂറോയുടെ അവിസ്‌മരണീയ ഗോളിന്‍റെ സമ്മാനമായിരുന്നു. 10 വർഷത്തിനിടെ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടമടക്കം 15 കിരീടങ്ങൾ നേടി. 260 ഗോളുകളുമായി സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനായി അഗ്യൂറോ.

Lionel Messi | പിഎസ്‌ജിയില്‍ ലിയോണല്‍ മെസി വേട്ട തുടങ്ങി; നാന്‍റെസിനെതിരെ ഗംഭീര ജയം

Follow Us:
Download App:
  • android
  • ios