മുംബൈ: സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറ വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ഐഎസ്എല്ലിലെ മുംബൈ സിറ്റി ടീമിന്റെ പരിശീലകനായി സെര്‍ജിയോ ലൊബേറയെ നിയമിച്ചു. കഴിഞ്ഞ സീസണില്‍ ഗോവ എഫ് സിയുടെ പരിശീലകനായിരുന്നു ലൊബേറ. സീസണിന്റെ അവസാനഘട്ടത്തില്‍ ഗോവ മുന്നിട്ടുനില്‍ക്കെ, ലൊബേറയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ജോര്‍ജെ കോസ്റ്റയുമായുളള കരാര്‍ അവസാനിച്ചതോടെയാണ് മുംബൈ സിറ്റി പുതിയ കോച്ചിനെ തേടിയത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്ക് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായിരുന്നു.

ലൊബേറ പരിശീലകനായ സീസണില്‍എല്ലാം ഗോവ പ്ലേഓഫില്‍ എത്തിയിട്ടുണ്ട്. മികച്ചറെക്കോര്‍ഡ് കാരണം മറ്റു ചില ഐഎസ്എല്‍ ടീമുകളും ലൊബേറക്കായി രംഗത്തുണ്ടായിരുന്നു.