മാഡ്രിഡ്: പുതിയ സീസണിന് മുന്‍പായി ടീമിൽ വരുത്തേണ്ട അഴിച്ചുപണികള്‍ സംബന്ധിച്ച് റയൽ മാഡ്രിഡിൽ ചര്‍ച്ചകള്‍ സജീവമായി. ഗാരെത് ബെയ്‍‍ലിനൊപ്പം നായകന്‍ സെര്‍ജിയോ റാമോസും ക്ലബ്ബ് വിടുമെന്നാണ് അഭ്യൂഹം. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റവും പരിശീലകന്‍ സിദാന്‍റെ രാജിയും ആശങ്കയ്ക്കിട നൽകിയെങ്കിലും പോയ സീസണില്‍ ഇത്രയും കനത്ത പതനം സംഭവിക്കുമെന്ന് റയൽ മാഡ്രിഡ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്‌പാനിഷ് ലീഗ് സീസണിൽ ബാഴ്സലോണയേക്കാള്‍ 19 പോയിന്‍റ് പിന്നിലായുള്ള മൂന്നാം സ്ഥാനവും ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനോടേറ്റ തോൽവിയും മറക്കാന്‍ വരും സീസണില്‍ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്.

അതിനുള്ള വഴി തേടുന്നതിനിടയിലാണ് നായകന്‍ സെര്‍ജിയോ റാമോസ് റയൽ മാഡ്രിഡ് വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ എത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് തോൽവിക്ക് പിന്നാലെ ഡ്രെസിംഗ് റൂമിൽ വച്ച് ക്ലബ്ബ് പ്രസിഡന്‍റ് പെരെസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട റാമോസ് വിട്ടുവിഴ്‌ചയ്‌ക്കില്ലെന്ന നിലപാടിലാണത്രേ. മുന്‍ സീസണുകളില്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി ക്ലബ്ബുകളിലേക്കുള്ള മാറ്റം സ്‌പാനിഷ് താരം പരിഗണിക്കുമെന്നാണ് സൂചന.

അതിനിടെ നെയ്മറെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുന്ന മാര്‍ക്കോ അസെന്‍സിയോയെ ടോട്ടനത്തിന് കൈമാറാനുള്ള പെരെസിന്‍റെ ശ്രമങ്ങള്‍ വഴിമുട്ടി. അസെന്‍സിയോയെ കൈമാറാനാകില്ലെന്ന് സിദാന്‍ നിലപാടെടുത്തതായി സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസെന്‍സിയോയെ കൈവിട്ട് പകരം പോള്‍ പോഗ്ബയെയോ ക്രിസ്റ്റ്യന്‍ എറിക്സണെയോ സ്വന്തമാക്കാനായിരുന്നു റയല്‍ പ്രസിഡന്‍റിന്‍റെ നീക്കം.